ന്യൂഡൽഹി: 7,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുകളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രാജ്യത്തൊട്ടാകെയുള്ള 169 സ്ഥലങ്ങളിൽ തെരച്ചിൽ നടത്തി. ആന്ധ്രാപ്രദേശ്, ചണ്ഡിഗഢ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിലെ 169 സ്ഥലങ്ങളിൽ ഏജൻസി തിരച്ചിൽ നടത്തിയെന്ന് സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
7,000 കോടി രൂപയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 35ഓളം കേസുകൾ ഏജൻസി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ബാങ്കുകളുടെയോ കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെയോ പേര് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്ര അന്വേഷണ ഏജൻസി കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാങ്ക് തട്ടിപ്പ് കേസുകളിൽ സമാനമായ നിരവധി തെരച്ചിലുകൾ നടത്തി വരികയാണ്.