ലഖ്‌നൗ: അനധികൃത ഖനന കേസുമായി ബന്ധപ്പെട്ട് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സതേന്ദ്ര സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കൗശംബി, ലഖ്‌നൗ എന്നിവിടങ്ങളിലെ ഒമ്പത് സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി. 10 ലക്ഷം രൂപയ്ക്ക് പുറമെ 44 വസ്തുക്കളുടെ രേഖകൾ, 51 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം, സതേന്ദ്ര സിങ്ങിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 36 ബാങ്ക് അക്കൗണ്ടുകൾ, ഗാസിയാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലുള്ള ആറ് ലോക്കറുകളുടെ താക്കോൽ എന്നിവയും പരിശോധനയില്‍ പിടിച്ചെടുത്തു. 2.11 കോടി രൂപയും, ഒരു ലക്ഷം രൂപയുടെ നിരോധിത നോട്ടും, സ്വർണ്ണ, വെള്ളി ആഭരണങ്ങളും ലോക്കറിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കൗശംബി ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന സതേന്ദ്ര സിങ്ങിനെതിരെയും മറ്റ് ഒമ്പത് പേര്‍ക്കെതിരെയുമാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. 2012 - 14 കാലഘട്ടത്തില്‍ ഇ-ടെൻഡറിങ് നടപടിക്രമങ്ങൾ പാലിക്കാതെ ജില്ലയിലെ ചെറുകിട ധാതുക്കൾ അനധികൃതമായി ഖനനം ചെയ്യുന്നതിന് അനുമതി നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് 2016 ൽ അനധികൃത ഖനന കേസ് രജിസ്റ്റർ ചെയ്തത്.