ജയ്പൂർ: ശ്രീകൃഷ്ണനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ച് രാംചരിത്മാനസിന്‍റെ വക്താവ് മൊറാരി ബാപ്പുവിനെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാജസ്ഥാനിലെ കൽവാർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നാണ് കേസ്. മൊറാരി ബാപ്പു ശ്രീകൃഷ്ണനെയും ജ്യേഷ്ഠൻ ബലരാമനെയും ആക്ഷേപകരമായി പരാമർശിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതേതുടർന്ന് വിവിധ ഹിന്ദു മതനേതാക്കൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും മൊറാരി ബാപ്പുവിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലോകമെമ്പാടും 50 വർഷമായി രാമ കഥകൾ പാരായണം ചെയ്യുന്ന മൊറാരി ബാപ്പു ശ്രീകൃഷ്ണനെ കള്ളനും ഉപദ്രവകാരിയുമാണെന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
2018ൽ മുംബൈയിലെ റെഡ് സ്റ്റ്രീറ്റ്, കാമതിപുര എന്നിവിടങ്ങളിൽ നിന്നുള്ള ലൈംഗികത്തൊഴിലാളികളെ മൊറാരി ബാപ്പു മതപരമായ പ്രഭാഷണത്തിനായി വ്യക്തിപരമായി ക്ഷണിച്ചത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അയോധ്യയിലെ പുണ്യനഗരത്തിൽ ലൈംഗികത്തൊഴിലാളികളെ ഒരുമിച്ചുകൂട്ടുന്നതിൽ ഹിന്ദു മതനേതാക്കൾ എതിർപ്പ് ഉയർത്തിരുന്നു.