ചണ്ഡിഗഡ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് തീകൊളുത്തി കൊന്ന സംഭവത്തെ തുടര്‍ന്ന് സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് പഞ്ചാബ് പൊലീസ്. രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള സമയത്ത് സ്ത്രീകള്‍ ഒറ്റക്കായാല്‍ അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള പദ്ധതി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു.
100,112, 181 എന്നീ നമ്പറുകളില്‍ വിളിക്കുന്ന സ്ത്രീകള്‍ക്കാണ് പൊലീസിന്‍റെ സൗജന്യ സേവനം ലഭ്യമാകുക. ഈ നമ്പറുകളില്‍ വിളിക്കുമ്പോള്‍ നേരിട്ട് പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് വിവരം ലഭിക്കുക. സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഡിജിപി ഗുങ്കക്ക് നിർദേശം നൽകി. ടാക്സിയോ മുച്ചക്ര വാഹനമോ ലഭിക്കാത്ത സ്ത്രീകള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര ലഭ്യമാക്കുന്നത്. സുരക്ഷിത യാത്രക്കായി ഒരു വനിതാ പൊലീസുകാരിയെയും നിയോഗിക്കും. മൊഹാലി, പട്യാല, ഭട്ടിന്‍ഡ എന്നിവയുള്‍പ്പെട്ട സുപ്രധാന നഗരങ്ങളില്‍ ഇതിനായി പിസിആര്‍ വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. ഓരോ ജില്ലയിലും നടപ്പാക്കുന്ന പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡിഎസ്പിയോ എസ്പിയോ ആയിരിക്കും. എഡിജിപി ഗുര്‍പ്രീത് ഡ്യോക്കാണ് സംസ്ഥാന തലത്തില്‍ പദ്ധതിയുടെ ചുമതല.