കശ്മീരിനെ ആർക്കും വിട്ടുകൊടുക്കാനാകില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.കശ്മീരിൽ ഹിതപരിശോധനയാകാമെന്ന പഴയ വാഗ്ദാനം ഇന്നത്തെ സാഹചര്യത്തിൽ അപ്രസക്തമാണെന്നും ചിദംബരം.
അണ്‍ഡോണ്ടഡ്: സേവിംഗ് ദ ഐഡിയ ഓഫ് ഇന്ത്യ എന്ന തന്‍റെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ചെന്നെയിൽ സംസാരിക്കവേയാണ് കശ്മീർ വിഷയത്തെക്കുറിച്ച് ചിദംബരം നിലപാട് വ്യക്തമാക്കിയത്. ജവഹർലാൽ നെഹ്റു കശ്മീരിൽ ഹിതപരിശോധനായാകാമെന്ന നിലപാടെടുത്തത് തീർത്തും വ്യത്യസ്ഥമായ സാഹചര്യത്തിലായിരുന്നു. ഇന്നത് ആകെ മാറിക്കഴിഞ്ഞു. ജമ്മുകശ്മീരിന് മൊത്തമായുളളഹിതപപരിശോധനയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ഇന്ന് ജമ്മു, ലഡാക്ക്, ലെ, കാർഗിൽ പ്രദേശങ്ങളെല്ലാം മാറി ചിന്തിക്കുന്നു. കശ്മീർ താഴ്വരയിൽ മാത്രമാണ് നിലവിൽ പ്രശ്നങ്ങള്‍ നിലനിൽക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഞാൻ മനസിലാക്കിയിടത്തോളം ഇന്ത്യൻ യൂണിയനിൽ നിന്നുകൊണ്ടുളള പരമാവധി സ്വയം ഭരണമാണ് അവർ ആഗ്രഹിക്കുന്നത്. അത് നമ്മുക്ക് നൽകാവുന്നതാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
പാകിസ്ഥാനുമായി വിഷയങ്ങളിൽ ഇടപെടലുകള്‍ നടത്തുക എന്നത് ഏറെ സങ്കീർണമാണ്. ഇന്ത്യയെ പോലെ സർക്കാരിന്‍റ കയ്യിൽ മാത്രമല്ല പാകിസ്ഥാന്‍റെ നിയന്ത്രണം. ജയ്ഷെ മുഹമ്മദിനെ പോലുളള തീവ്രവാദ ഗ്രൂപ്പുകള്‍, സൈന്യം തുടങ്ങിയവക്കെല്ലാം ഏറെ സ്വാധീനമുണ്ട്. വാജ്പേയ് ഒരിക്കൽ പറഞ്ഞതും പിന്നീട് മൻമോഹൻസിംഗ് ആവർത്തിച്ചതുമായ വാചകം ഇങ്ങനെയായിരുന്നു. പാകിസ്ഥാൻ നമ്മുടെ അയൽ രാജ്യമാണ് പക്ഷെ സുഹൃത്തല്ല. സുഹൃത്തിനെ മാറ്റിയെടുക്കാം പക്ഷെ അയൽവാസിയെ സാധ്യമല്ലെന്നും ചിദംബരം വിശദീകരിച്ചു.
കാലാകാലം പാകിസ്ഥാനൊപ്പം ജീവിക്കേണ്ടവരാണ് നമ്മളെന്നത് യാഥാർത്ഥ്യമാണ്. അതു കൊണ്ടു തന്നെ പാകിസ്ഥാനുമായി ചർച്ച ആവശ്യമാണ്. ഇതിൽ നിന്നും ഒന്നും നേടില്ലായിരിക്കും. എന്നെ യുദ്ധ വിരോധിയെന്ന് വിളിക്കുമായിരിക്കും.പക്ഷേ യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് താനെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.