ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിനായി എല്ലാ പൊതുഗതാഗതവും സർക്കാർ വാഹനങ്ങളും ക്രമേണ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി സംവദിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സുപ്രീം കോടതി.ഈ വിഷയത്തിൽ സുപ്രീം കോടതിയുമായി ചർച്ച നടത്താൻ കേന്ദ്ര പരിസ്ഥിതി മന്ത്രി തയ്യാറാകുമോയെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എഎൻഎസ് നഡ്കർണിയോട് ചോദിച്ചു.
വൈദ്യുതി, ഹൈഡ്രജൻ എന്നിവ ഉപയോഗിച്ച് ഓടുന്ന മലിനീകരണമില്ലാത്ത വാഹനങ്ങൾ നിരത്തിൽ അവതരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിസ്ഥിതി മന്ത്രിക്ക് സുപ്രീം കോടതിയിൽ വന്ന് വിശദീകരിക്കാമോ എന്ന് കോടതി ചോദിച്ചു. എന്നാൽ സോളിസിറ്റർ ജനറൽ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചു. മന്ത്രി കോടതിയിൽ ഹാജരായൽ അത് രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ രാഷ്ട്രീയക്കാർ കോടതിയിൽ ഹാജരാകുന്നതിൽ തെറ്റില്ലെന്ന് നിയമ ഉദ്യോഗസ്ഥർ പറഞ്ഞു.
2020 ൽ നാഷണൽ ഇ-മൊബിലിറ്റി മിഷൻ പ്ലാൻ (എൻഎംഎംപി) പദ്ധതി പ്രകാരം ഇലക്ട്രിക് വാഹനങ്ങൾ സർക്കാർ വാങ്ങേണ്ടതുണ്ടെന്ന്, വാദത്തിനിടെ എൻജിഒ, സിപിഎൽ എന്നിവയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. മാളുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് പോയിന്‍റുകൾ സ്ഥാപിക്കാനും നിർദേശമുണ്ടായിരുന്നു. പദ്ധതി പ്രകാരം സബ്സിഡി നൽകി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ അധികൃതർ തീരുമാനമെടുക്കണമെന്നും ഭൂഷൺ പറഞ്ഞു.
കേസിൽ വാദം കേൾക്കൽ നാലാഴ്ചത്തേക്ക് മാറ്റിവച്ചു. ഈ കാലയളവിൽ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.