ന്യൂഡൽഹി: രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളെ നിയന്ത്രിക്കുന്ന 1963ലെ മേജർ തുറമുഖ ട്രസ്റ്റ് നിയമത്തിന് ഇല്ലാതാക്കി പകരം മേജർ തുറമുഖ അതോറിറ്റി ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി മൻസുഖ് ലാൽ മന്ദാവിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അനുമതി ലഭിച്ചത്.
തുറമുഖങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് നിർദിഷ്ട നിയമം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാന തുറമുറഖങ്ങൾ വഴി 2018-19ൽ 699.04 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തിട്ടുണ്ട്. അതേസമയം പുതിയ ബിൽ വരുന്നതോടെ സ്വയം ഭരണാവകാശമുള്ള തുറമുഖ ട്രസ്റ്റുകൾ കേന്ദ്രസർക്കാരിന്‍റെ അധികാര പരിധിയിലാകും.
നിലവിലുള്ള അതോറിറ്റി ബോർഡിന്‍റെ തീരുമാനങ്ങൾക്കുപരിയായി കേന്ദ്ര സർക്കാരിന് തീരുമാനങ്ങൾ സ്വീകരിക്കാം. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ തൊഴിലാളികളുടേയും സംഘടനകളുടേയും പ്രക്ഷോഭം ശക്തമാവുകയാണ്.