ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ 39 സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭാ സുരക്ഷാ സമിതി അടിയന്തര യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരും കര-വ്യോമ-നാവിക സേന മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കശ്മീരിലെത്തി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. സ്ഫോടനം നടന്ന സ്ഥലവും മന്ത്രി സന്ദർശിക്കും. എൻ.ഐ.എ സംഘവും ഇന്ന് പുൽവാമയിലെത്തും.
അതേസമയം സുരക്ഷയൊരുക്കുന്നതിൽ വീഴ്ചപറ്റിയെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് സമ്മതിച്ചു. ഒരു പരിശോധനയും കൂടാതെ ഭീകരവാദികൾക്ക് സ്ഫോടകവസ്തുക്കളുള്ള വാഹനം എത്തിക്കാൻ കഴിഞ്ഞത് സുരക്ഷാ വീഴ്ചയാണ്. ചാവേർ മുന്നൊരുക്കങ്ങളെകുറിച്ച് ഇന്‍റലിജൻസ് വിവരശേഖരണം നടത്തിയില്ലെന്നും ഗവർണർ പറഞ്ഞു