ലക്‌നൗ: ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി നടക്കുന്ന ഏറ്റുമുട്ടലിനെ ശക്തമായി വിമർശിച്ച് ബിജെപി നേതാവ് നരേന്ദ്ര സിംഗ് റാണ. വിഷയം ജനാധിപത്യപരമായ രീതിയിൽ പരിഹരിക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ ഒരു ബിജെപി നേതാവും ഇന്ത്യൻ പൗരനുമാണ്. പ്രതിഷേധക്കാർ റോഡുകൾ തടയുകയാണ്. അവർ സുപ്രീം കോടതിയുടെ വാക്കുകൾക്ക് ചെവികൊടുക്കുന്നില്ല. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഈ പ്രശ്‌നം ജനാധിപത്യപരമായ രീതിയിൽ പരിഹരിക്കപ്പെടണമെന്നും റാണ കൂട്ടിച്ചേർത്തു.
ദേശീയ തലസ്ഥാനത്ത് നടന്ന അക്രമത്തിൽ ഇതുവരെ ഒരു പൊലീസുകാരനുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഇതേ തുടർന്ന് ഡൽഹിയിലെ ക്രമസമാധാന നിലയെക്കുറിച്ച് അമിത്ഷാ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും ഇന്നലെ രാത്രി കൂടിക്കാഴ്‌ച നടത്തി. ക്രമസമാധാനം പാലിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജനങ്ങളോട് അഭ്യർഥിച്ചു. സമാധാനം നിലനിർത്താൻ ഡൽഹിയിലെ ജനങ്ങളോട് അഭ്യർഥിക്കുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. നിരവധി പൊലീസുകാർക്കും സാധാരണക്കാർക്കും പരിക്കേറ്റു. ചിലർക്ക് ജീവൻ നഷ്‌ടപ്പെട്ടു. നിരവധി വീടുകൾക്ക് തീവെക്കുകയും കടകൾക്ക് നശിപ്പിക്കുകയും ചെയ്‌തു. ഇത് വളരെ നിർഭാഗ്യകരമാണെന്ന് കെജ്‌രിവാൾ പറഞ്ഞു.