നിയമസഭ തെരഞ്ഞെടുപ്പുകള്‍ വെറും രണ്ട് മാസം മാത്രം അകലെ നില്‍ക്കുമ്പോള്‍ വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുവാന്‍ ചില സന്ദേശങ്ങള്‍ പുറത്തു വിടുന്നതിന് കേന്ദ്ര ബജറ്റിനെ ഉപയോഗിക്കുവാന്‍ ഏത് രാഷ്ട്രീയ ഭരണകൂടവും ഒന്ന് ശ്രമിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു തന്നെ ഇത്തവണത്തെ ബജറ്റിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ വന്‍കിട അടിസ്ഥാന സൗകര്യ ചെലവിടലാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രഖ്യാപനങ്ങള്‍ അസമിലും ബംഗാളിലും ബിജെപിയുടെ ആത്മവിശ്വാസം കുതിച്ചുയരുന്നു എന്ന് വ്യക്തമാക്കുമ്പോള്‍ രാഷ്ട്രീയമായി ഏറെ വെല്ലുവിളികള്‍ നേരിടുന്ന തമിഴ്‌നാട്ടിലും കേരളത്തിലും പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് പുതു നാമ്പു മുളച്ചിരിക്കുന്നു എന്നും പറയാം.
ബജറ്റിനെ കുറിച്ചുള്ള തന്‍റെ ആദ്യ അഭിപ്രായത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്നു എന്നുള്ള കാര്യം എടുത്തു പറയാന്‍ മടിച്ചിട്ടില്ല. മൊത്തത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന നാല് സംസ്ഥാനങ്ങളിലും പ്രത്യേകം ശ്രദ്ധയൂന്നുന്ന നിര്‍മല സീതാരാമൻ, 22,5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളാണ് ഈ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്. അതില്‍ തന്നെ തമിഴ്‌നാടിനു വേണ്ടിയാണ് പരമാവധി തുകയായ 1.03 ലക്ഷം കോടി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ തമിഴ്‌നാട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി ഈ പണം വിനിയോഗിക്കപ്പെടും. മധുര-കൊല്ലം ഇടനാഴി, ചിറ്റൂര്‍-താച്ചൂര്‍ ഇടനാഴി എന്നിവയുള്‍പ്പെടെയുള്ള നിരവധി ഹൈവേ പദ്ധതികള്‍ക്ക് വേണ്ടിയാണ് ഈ പണം ചെലവിടാന്‍ പോകുന്നത്. മേല്‍പറഞ്ഞ രണ്ട് ഇടനാഴികളും തമിഴ്‌നാട്ടിലെ ജില്ലകളെ അയല്‍ സംസ്ഥാനങ്ങളായ കേരളവുമായും ആന്ധ്രപ്രദേശുമായും ബന്ധിപ്പിക്കുന്നതാണ്. തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സഖ്യവുമായി ചേര്‍ന്നു കൊണ്ട് പോരാടുമെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ പ്രഖ്യാപിച്ചത് എന്ന കാര്യം ഇവിടെ പ്രസക്തമാണ്. ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം സംബന്ധിച്ച് നിലവിലുണ്ടായിരുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട്കൊണ്ടായിരുന്നു ഈ പ്രഖ്യാപനം.
എന്നാല്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടിക്കൊണ്ടിരുന്ന ബിജെപി എന്‍ഡിഎയ്‌ക്ക് കീഴിലുള്ള തങ്ങളുടെ നീക്കുപോക്കുകള്‍ നിയമസഭ തെരഞ്ഞെടുപ്പിലും തുടരുമെന്ന് എഐഎഡിഎംകെ നേതൃത്വം പറഞ്ഞപ്പോഴും ബിജെപി വിഷയത്തിൽ ഇടപ്പെട്ടു. അതിനു കാരണം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമെന്നുള്ള പ്രതീക്ഷയായിരുന്നു. എന്നാല്‍ അനാരോഗ്യവും മഹാമാരി സ്ഥിതി വിശേഷവും ചൂണ്ടികാട്ടി അദ്ദേഹം പ്രസ്തുത തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി. എഐഎഡിഎംകെയുടെ സഖ്യ കക്ഷികളിലെ ചെറിയ പാര്‍ട്ടി എന്ന നിലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ബിജെപി 2021ലെ തെരഞ്ഞെടുപ്പിനു ശേഷം ഏതാനും സീറ്റുകള്‍ സംസ്ഥാനത്ത് നേടികൊണ്ട് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനാലാണ് ദക്ഷിണേന്ത്യയെ തങ്ങള്‍ പരിഗണിക്കുന്നുണ്ട് എന്ന് കേന്ദ്രത്തിന് വിളിച്ചു പറയേണ്ടി വരുന്നത് എന്ന് ബിജെപിക്ക് അകത്തുള്ളവര്‍ തന്നെ പറയുന്നു. ജനുവരി 19ന് തമിഴ്‌നാട് മുഖ്യമന്ത്രി ഏടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടിക്കണ്ട് ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതടക്കമുള്ള ചില ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ഒരു നിവേദനം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ തന്‍റെ ബജറ്റ് പ്രസംഗത്തില്‍ ഇതിലേതാനും ആവശ്യങ്ങള്‍ നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു എന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. ഫെബ്രുവരി 14ന് തമിഴ്‌നാട് സന്ദര്‍ശിക്കാനിരിക്കുകയാണ് പ്രധാനമന്ത്രി. 2021-22ല്‍ ചെന്നൈയില്‍ നിന്നും സേലത്തേക്ക് 277 കിലോമീറ്റര്‍ നീളത്തില്‍ ഒരു എക്‌സ്പ്രസ് വേ നിര്‍മ്മിക്കുന്ന കാര്യത്തില്‍ അതീവ തല്‍പ്പരനാണ് ഏടപ്പാടി കെ പളനിസ്വാമി. എന്നാല്‍ 2018ല്‍ ഈ പദ്ധതി പ്രഖ്യാപിച്ച ഉടന്‍ തന്നെ കര്‍ഷകര്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു പോന്നിരുന്നു. 2020 ഡിസംബറില്‍ സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനങ്ങളെ ശരിവെച്ചു കൊണ്ട് സുപ്രീം കോടതിയില്‍ നിന്ന് ഈ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ ധനകാര്യ വര്‍ഷത്തില്‍ 278 കിലോമീറ്റര്‍ നീളത്തില്‍ ബംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേക്കും തുടക്കം കുറിച്ചു കൊണ്ട് അതിന്‍റെ നിര്‍മ്മാണം 2021-22-ല്‍ ആരംഭിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ട്. 63246 കോടി രൂപ ചെലവില്‍ 118.9 കിലോമീറ്റര്‍ ദീര്‍ഘമുള്ള ചെന്നൈ മെട്രോ റെയില്‍വേയുടെ രണ്ടാം ഘട്ടത്തിലും കേന്ദ്രത്തിന്‍റെ ധനസഹായം ലഭ്യമാക്കുന്നുണ്ട്. വന്‍ തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും അധിക വരുമാനം ലഭിക്കുന്നതിനും വേണ്ടി “കടല്‍പ്പായല്‍ കൃഷി പ്രോത്സാഹന'' ത്തിനായി തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ ഒരു നിര ബഹുലക്ഷ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും നിര്‍മല തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പറയുകയുണ്ടായി. അതുപോലെ കൊച്ചി, വിശാഖപട്ടണം, പാരദ്വീപ്, പീത്വാഘട്ട് എന്നിവയോടൊപ്പം ചെന്നൈയേയും അഞ്ച് പ്രമുഖ മത്സ്യ ബന്ധന ഹാര്‍ബറുകളിൽ ഒന്നായി കണക്കാക്കിയിട്ടുണ്ട്. നാഗപട്ടണം ജില്ലയിലെ വെല്ലപ്പള്ളത്തില്‍ ഒരു മത്സ്യ ബന്ധന ഹാര്‍ബര്‍ തമിഴ്‌നാട് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങളോളമായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും കേരളത്തില്‍ ഇപ്പോഴും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുവാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഓരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണി അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി മാറി ഭരണത്തിലേറുന്ന രാഷ്ട്രീയമാണ് കേരളത്തില്‍ കണ്ടു വരുന്നത്. ഇത്തവണയും പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തങ്ങളുടെ പ്രകടനത്തിന്‍റെ വെളിച്ചത്തില്‍ അധികാരം നില നിര്‍ത്താന്‍ കഴിയുമെന്നു തന്നെയാണ് ഇടതുപക്ഷം കരുതുന്നത്. കേരളത്തിനു വേണ്ടി മുന്‍പൊരിക്കലും ബജറ്റില്‍ ഇത്രത്തോളം വകയിരുത്തലുകള്‍ ബിജെപി നടത്തിയിട്ടില്ല. കേരളത്തിലെ 600-ലധികം കിലോമീറ്റർ ഉൾപ്പെടെ ആയിരത്തിൽ പരം കിലോമീറ്റർ വരുന്ന ഭാരത്മാല പദ്ധതിയുടെ ഭാഗമായുള്ള ഹൈവേ വികസനത്തിന് 65000 കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന് പുറമെ കൊച്ചി മെട്രോക്ക് 1957 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള ശൃംഖല 11.5 കിലോമീറ്റര്‍ കൂടി വ്യാപിപ്പിക്കാനാണ് ഇത്. കൊച്ചി തുറമുഖവും ഒരു പ്രമുഖ ബിസിനസ് ഹബ്ബായി മാറ്റിയെടുക്കാന്‍ പോവുകയാണ്. വിദേശ ഇന്ത്യക്കാര്‍ക്കുള്ള “ഇരട്ട നികുതി വ്യവസ്ഥ'' യുടെ പരിധി ഇരട്ടിയാക്കുന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തുകയുണ്ടായി. അഞ്ച് കോടി രൂപയില്‍ നിന്നും 10 കോടി രുപയായാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 30 ലക്ഷം വരുന്ന വിദേശ ഇന്ത്യക്കാരായ ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിനുള്ള ബിജെപിയുടെ നീക്കമാണിത്.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തെ അട്ടിമറിക്കാമെന്ന് അങ്ങേയറ്റം ആത്മവിശ്വാസം ബിജെപി പുലര്‍ത്തുന്ന പശ്ചിമ ബംഗാളിനു വേണ്ടി ധനമന്ത്രി 25000 കോടി രൂപയുടെ റോഡ് വികസന പദ്ധതികളും കൊല്‍ക്കത്തയെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണത്തിനും അനുവദിച്ചിരിക്കുന്നു. വടക്കന്‍ ബംഗാളിലെ ഏറ്റവും വലിയ പട്ടണമാണ് സിലിഗുരി. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളില്‍ എട്ടിൽ ഏഴ് സീറ്റുകളും ബിജെപിയാണ് നേടിയിട്ടുള്ളത്. 675 കിലോമീറ്റര്‍ നീളം വരുന്ന ഒരു ദേശീയ പാതയും സംസ്ഥാനത്ത് വികസിപ്പിക്കുമെന്ന് നിര്‍മല പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലെ ഖരക്പൂരിനും വിജയവാഡക്കുമിടയിലും അതുപോലെ ഹുഗ്ലി ജില്ലയിലെ ദംഗുനിക്കും ബിഹാറിലെ ഗോമോക്യുമിടയിലുമായി രണ്ട് ചരക്ക് ഇടനാഴികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിലേയും അസമിലേയും തേയില വ്യവസായത്തിന്‍റെ വികസനത്തിനു വേണ്ടിയുള്ള 1000 കോടി രൂപയുടെ പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിലെ ഇത്തരം പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ബംഗാളിലെ വോട്ടര്‍മാരിൽ വലിയ സ്വാധീനമൊന്നും സൃഷ്ടിക്കാന്‍ പോകുന്നില്ല എന്ന് മമതാ ബാനര്‍ജി പ്രഖ്യാപിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദത്തിലെത്തി 10 വര്‍ഷത്തിനു ശേഷം അവര്‍ തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്ത ഒരു തെരഞ്ഞെടുപ്പാണ് നേരിടാന്‍ പോകുന്നത് എന്നതില്‍ യാതൊരു സംശയവുമില്ല.
മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാളിന്‍റെ നേതൃത്വത്തിന് കീഴില്‍ അധികാരത്തില്‍ തിരിച്ചു വരാമെന്നുള്ള കാര്യത്തില്‍ ബിജെപി അങ്ങേയറ്റം ആത്മവിശ്വാസം പുലര്‍ത്തുന്ന തെരഞ്ഞെടുപ്പ് നേരിടുന്ന അസമിലേക്കായി നിര്‍മല സീതാരാമന്‍ 34000 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷങ്ങളിലായി 1300 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുന്നതിനു വേണ്ടിയാണിത്. നിലവില്‍ തന്നെ സംസ്ഥാനത്തെ ദേശീയ പാതകളുടെ നിര്‍മ്മാണത്തിനായി നല്‍കിയിട്ടുള്ള ഏതാണ്ട് 19000 കോടി രൂപയ്ക്ക് പുറമേയാണ് ഇത്. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഉയര്‍ത്തി കൊണ്ടുവരാന്‍ പോകുന്നതു തന്നെ അസമിലെ ഇത്തരം നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളാണ്.