റോസ്‌പൂര്‍ (പഞ്ചാബ്): തുടര്‍ച്ചയായി മൂന്നാം ദിവസവും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഡ്രോണുകള്‍ കടന്നതായി റിപ്പോർട്ട്. ഫിറോസ്‌പൂരിലെ ഹുസൈനീവാല അതിര്‍ത്തിയിലാണ് ഒടുവില്‍ ഡ്രോണ്‍ കണ്ടത്. ഇന്നലെ രാത്രി ഏഴേകാലോടെയാണ് നാട്ടുകാര്‍ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അതിര്‍ത്തി സുരക്ഷാസേനയും, പൊലീസും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ മൂന്ന് മണിക്കൂറിന് ശേഷം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. സംഭവത്തില്‍ പഞ്ചാബ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ച സമാനരീതിയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഡ്രോണുകള്‍ എത്തിയിരുന്നു.
പാകിസ്ഥാന്‍റെ ഭാഗത്തുനിന്നും ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് അതിര്‍ത്തികളില്‍ സൈന്യം അതീവ ജാഗ്രതയിലാണ്.