ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് ആയുധങ്ങൾ കടത്താനുള്ള പാകിസ്ഥാന്‍റെ ശ്രമത്തിന് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. വൻ ആയുധ ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. പാക് അധീന കശ്മീരിൽ നിന്നും കെരാൻ സെക്ടറിലെ നിയന്ത്രണ രേഖ വഴിയാണ് ആയുധങ്ങൾ കശ്മീരിലേക്ക് കടത്താൻ ശ്രമിച്ചത്. കൃഷ്ണ ഗംഗ നദി വഴിയുള്ള ഇവരുടെ സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മൂന്നോളം ഭീകരർ ചേർന്നാണ് ആയുധം കടത്താൻ ശ്രമിച്ചത്. സൈന്യത്തെ കണ്ട ഭീകരർ ആയുധങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുകയാണ്.
നാല് എകെ 74 തോക്കുകൾ, എട്ട് മാഗസീനുകൾ, 240 എ.കെ റൈഫിൾ, വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ആയുധങ്ങൾ വിദഗ്ധ സംഘം പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.