ന്യൂഡൽഹി: ബിജെപി പ്രവർത്തിക്കുന്നത് പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പാർട്ടിക്ക് സ്വജനപക്ഷപാതമില്ലെന്നും ബിജെപി വർക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ. നേതൃത്വ പാഠവമുള്ളതും വികസനത്തിനായി പ്രവർത്തിക്കുന്നതുമായ ഒരേയൊരു പാർട്ടിയാണ് ബിജെപി. മറ്റ് പാർട്ടികൾക്ക് നല്ല നേതാവുണ്ടെങ്കിൽ അവർക്ക് സമരതന്ത്രമറിയില്ല. ചിലർക്ക് രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള ഉദ്ദേശ്യമില്ല. ഒരു പരിപാടി സംഘടിപ്പിക്കുകയാണെങ്കിൽ അവർക്ക് അണികൾ പോലുമില്ല. എന്നാൽ ബിജെപിക്ക് നരേന്ദ്ര മോദിയുടെ നേതൃത്വവും അന്താരാഷ്ട്ര പിന്തുണയുമുണ്ട്. ന്യൂഡൽഹിയിൽ ബൂത്ത് കാര്യകർത്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി ബിജെപി പ്രസിഡന്‍റ് മനോജ് തിവാരിയും സമ്മേളനത്തിൽ പങ്കെടുത്തു. നഗര വികസനത്തിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് മനോജ് തിവാരി വിമർശിച്ചു.
പ്രാബല്യത്തിൽ വന്ന പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കകൾ തീർക്കുന്നതിനായി ബിജെപി ഞായറാഴ്‌ച ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം ആരംഭിച്ചിരുന്നു. കാമ്പെയ്ൻ ജനുവരി 15 ന് സമാപിക്കും. പരിപാടിയുടെ ഭാഗമായി ബിജെപി ടോൾ ഫ്രീ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. മിസ്‌ഡ് കോൾ നൽകി പുതിയ നിയമത്തിനുള്ള പിന്തുണയറിയിക്കാന്‍ കഴിയും. 2014 ഡിസംബർ മുപ്പത്തിയൊന്നിനോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി അഭയാർഥികൾക്ക് പൗരത്വം നൽകുന്നതാണ് പുതിയ നിയമം.