അഹമ്മദാബാദ്: ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും വിജയം സ്വന്തമാക്കി ബി.ജെ.പി. എട്ട് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ ബി.ജെ.പി സീറ്റുകളെല്ലാം തൂത്തുവാരിയത്. പ്രതിപക്ഷമായ കോൺഗ്രസിന് സീറ്റുകളൊന്നും നേടാനായില്ല. 55 ശതമാനം വോട്ട് ബി.ജെ.പി നേടിയപ്പോൾ 34.34 ശതമാനം വോട്ട് നേടാനെ കോൺഗ്രസിന് സാധിച്ചുള്ളൂ.
കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന പ്രദ്യുമാൻസിംഹ് ജഡേജ, ശാന്തിലാൽ സെംഗാനിയെ 36,778 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെ എം.എൽ.എമാർ രാജിവെച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വന്നത്. തുടർന്ന് അഞ്ച് എം.എൽ.എമാരെയും അതേ മണ്ഡലങ്ങളിൽ നിർത്തിയാണ് ബി.ജെ.പി വിജയിപ്പിച്ചത്.