ലക്‌നൗ: കോടതിയിൽ ഹാജരാകാതിരിക്കാൻ വ്യാജ കൊവിഡ് റിപ്പോർട്ട് നല്‍കിയ ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്. ബി.ജെ.പി എം.എൽ.എ രാകേഷ് സിങ് ബാഗെൽ, ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഹർഗോവിന്ദ് സിങ് എന്നിവർക്കെതിരെയാണ് കേസ്.
കോടതിയുടെ അധികാരപരിധിയിലുള്ള മറ്റൊരു കേസിൽ ഹാജരാകാതിരിക്കാൻ എം.എൽ.എ വ്യാജ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് നൽകുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി എം.എൽ.എ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി നടപടികൾ മുന്നോട്ട് പോയിരുന്നില്ല. തുടർന്ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എക്ക് നോട്ടീസ് നൽകുകയായിരുന്നു.
നോട്ടീസിന് മറുപടിയായി താൻ കൊവിഡ് പോസിറ്റീവ് ആണെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും എം.എൽ.എ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ എം.എൽ.എ ക്വാറൻ്റൈൻ ലംഘിച്ചെന്ന് മറുഭാഗം ആരോപണം ഉന്നയിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ കൊവിഡ് റിപ്പോർട്ട് ഹാജരാക്കിയ കാര്യം വ്യക്തമായത്.