മുംബൈ: ബിജെപി നേതാവ് പ്രസാദ് ലാഡിനെയും മറ്റ് പാർട്ടി പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതാണ് അറസ്റ്റിന് കാരണം. കനത്ത പോലീസ് കാവലിനിടയിലും പ്രതിഷേധക്കാർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു. ഭക്തർക്കായി എല്ലാ ക്ഷേത്രങ്ങളും വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ചൊവ്വാഴ്ച സംസ്ഥാന സർക്കാരിനെതിരെ മഹാരാഷ്ട്രയിലുടനീളം പ്രകടനങ്ങൾ സംഘടിപ്പിച്ചു.
ഹോം ഡെലിവറി ഓപ്ഷനുകൾക്കൊപ്പം മദ്യവും വൈൻ ഷോപ്പുകളും തുറന്നിട്ടുണ്ട്, എന്നാൽ മാനസിക സമാധാനത്തിനായി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരെക്കുറിച്ച് ആരാണ് ചിന്തിക്കുകയെന്ന് പ്രതിഷേധ വേളയിൽ ബിജെപി നേതാവ് പ്രവീൺ ദാരേക്കർ ചോദിച്ചു. ക്ഷേത്രങ്ങളെ ആശ്രയിച്ച് കഴിയുന്ന ചെറുകിട വ്യാപാരികളെക്കുറിച്ച് ചിന്തിക്കാത്ത സംസ്ഥാന സർക്കാർ നടപടി ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു. സിദ്ധിവിനായക് ക്ഷേത്രത്തിൽ ജനങ്ങളെ അനുവദിക്കണമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുകയാണെന്ന് ബിജെപി നേതാവ് പ്രസാദ് ലാഡ് പറഞ്ഞു. സർക്കാർ ജനങ്ങൾക്ക് പ്രവേശനം നൽകിയില്ലെങ്കിൽ തങ്ങള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമെന്നും ലാഡ് പറഞ്ഞു.
കൊവിഡ് മുൻകരുതലുകൾ ഉപയോഗിച്ച് ആരാധനാലയങ്ങൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യരി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. പെട്ടെന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് ഗവർണറുടെ കത്തിന് മറുപടിയായി മുഖ്യമന്ത്രി താക്കറെ പറഞ്ഞു.