ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ ബിജെപി പ്രതിനിധിസംഘം ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം നടക്കാറുണ്ടെന്ന് ആരോപിച്ച ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ എംഎൽഎ, ദേബേന്ദ്ര നാഥ് റോയിയുടെ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ഷായോട് അഭ്യർത്ഥിച്ചു. വടക്കൻ ദിനാജ്പൂർ ജില്ലയിലെ ബിന്ദാൽ ഗ്രാമത്തിലെ വീടിനടുത്തുള്ള കടയുടെ പുറത്തെ വരാന്തയിലുള്ള സീലിംഗിൽ തൂങ്ങിമരിച്ച നിലയിലാണ് റോയിയുടെ മൃതദേഹം കണ്ടെത്തിയത്.
തൃണമൂൽ കോൺഗ്രസ് നടത്തിയ കൊലപാതകമാണിതെന്ന് ദേബേന്ദ്രയുടെ കുടുംബവും പാർട്ടി നേതാക്കളും ആരോപിച്ചിരുന്നു. എന്നാൽ ബംഗാളിലെ ഭരണകക്ഷി ആരോപണം നിഷേധിച്ചിരുന്നു.ബിജെപിയുടെ ഉയർച്ചയിൽ മുഖ്യമന്ത്രി മമത ബാനർജി അസ്വസ്ഥതയാണെന്ന് ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച ശേഷം വിജയവർഗിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. റോയിയുടെ മരണത്തിൽ പശ്ചിമ ബംഗാൾ പൊലീസിനോട് ഷാ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേ സമയം, ദേബേന്ദ്രയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കെട്ടിചമച്ചതാണെന്ന് പശ്ചിമ ബംഗാൾ സ്വദേശിയും പ്രതിനിധി സംഘത്തിലെ അംഗവുമായ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ആരോപിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും കണ്ടിരുന്നു.