ന്യൂദില്ലി: 1962ലെ ഇന്ത്യ ചൈന യുദ്ധത്തിനു ശേഷം ചൈനയുടെ ഭാഗത്തു നിന്നു പ്രകോപനങ്ങൾ നിരന്തരം ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കില്‍ അരങ്ങേറിയത്.
ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയോടു ചേര്‍ന്നു കിടക്കുന്ന ഗല്‍വാന്‍ താഴ്വര ഇന്ത്യന്‍ ജനതയെ ഒന്നടങ്കം നടുക്കിയ ആസൂത്രിതവും പ്രാകൃതവുമായ ആക്രമണത്തിന് വേദിയായി. ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ഇരുപതോളം പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.
വാസ്‌തവത്തില്‍ ആ മേഖലയില്‍ ഒന്നര മാസമായി തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരികയാണെന്നും ഏറ്റുമുട്ടാനുള്ള സാധ്യത ഒഴിവായെന്നുമാണ് കരുതപ്പെട്ടിരുന്നത്. ഗല്‍വാനിലെ പട്രോള്‍ പോയിന്‍റ് 14ല്‍ നിന്നു ഇരുസേനകളും ഘട്ടം ഘട്ടമായി പിന്മാറണമെന്നായിരുന്നു ജൂണ്‍ ആറിന് രണ്ടു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉണ്ടായ ധാരണ.
അതനുസരിച്ച് ഇരു സേനകളും പിന്മാറാന്‍ തുടങ്ങിയെങ്കിലും ജൂണ്‍ 15ന് വൈകിട്ട് ചൈനീസ് സൈന്യം പെട്ടെന്നു മുന്നോട്ടു കയറി. പിന്തിരിയണമെന്ന 16-ാം ബിഹാർ റെജിമെന്‍റിന്‍റെ ആവശ്യം അവര്‍ തള്ളി. തുടര്‍ന്നുണ്ടായ കശപിശയാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘട്ടനത്തില്‍ കലാശിച്ചത്. ഉന്തും തള്ളും കല്ലേറും അടിയും നടന്നു. ഇന്ത്യൻ സൈന്യം ചൈനീസ് കൂടാരങ്ങളും ഉപകരണങ്ങളും പിഴുതെറിഞ്ഞു. ഇന്ത്യൻ സൈന്യത്തിനെതിരായ ആക്രമണത്തിന് ഇതിനകം തന്നെ തയ്യാറായിരുന്ന ചൈനക്കാർ 16 -ാം ബിഹാർ റെജിമെന്‍റിലെ സിഒയ്ക്കും ഹവിൽദാർ പളിനിക്കും നേരെ ആക്രമണം നടത്തി. ഇതു കണ്ട് നിന്ന ബിഹാർ റെജിമെന്‍റിലെ സൈനികർക്ക് നിയന്ത്രണം നഷ്‌ട്ടപ്പെടുകയും ചൈനീസ് സൈനികരെ ആക്രമിക്കുകയും ചെയ്തു. കമ്പി ചുറ്റിയ ഇരുമ്പുദണ്ഡുകളും ആണിയടിച്ച ബേസ്ബോള്‍ ബാറ്റുകളുമായിട്ടായിരുന്നു ചൈനീസ് പട്ടാളത്തിന്‍റെ പ്രത്യാക്രമണം.
നിരവധി സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്ത പോരാട്ടം രാത്രി വൈകുവോളം മൂന്ന് മണിക്കൂറിലധികം സമയം നീണ്ടുനിന്നു. ഇന്ത്യൻ ഭാഗത്തുനിന്ന് നൂറോളം സൈനികർ പങ്കെടുത്തു. ചൈനയുടെ ഭാഗത്ത് നിന്ന് 350 ഓളം സൈനികരും. എണ്ണത്തിൽ കൂടുതൽ ആണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകൾ ലംഘിച്ച് പട്രോൾ പൊയിന്‍റ് 14 ലുണ്ടായിരുന്ന ചൈനീസ് പോസ്റ്റ് നീക്കം ചെയ്യാൻ ബിഹാർ റെജിമെന്‍റിന് കഴിഞ്ഞുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
സ്ഥിതിഗതികൾ വിശദീകരിക്കാൻ അടുത്ത ദിവസങ്ങളിൽ കിഴക്കൻ ലഡാക്ക് പ്രദേശത്ത് ഇന്ത്യൻ, ചൈനീസ് ലെഫ്റ്റനന്‍റ് ജനറൽ ലെവൽ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.