പട്‌ന: സംസ്ഥാനത്ത് രണ്ട് എക്‌സൈസ് സൂപ്രണ്ടുമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു. അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിച്ചതായി ആരോപിച്ചാണ് നടപടി. നാല് പേരെ സ്ഥലം മാറ്റിയിട്ടുണ്ട്. ഒക്ടോബർ 28 ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 78 നിയമസഭാ മണ്ഡലങ്ങളിൽ വീഡിയോ കോൺഫറൻസ് വഴി നടത്തിയ അവലോകന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയതെന്ന് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കുമാർ സിംഗ് അറിയിച്ചു. എക്സൈസ് പ്രവർത്തനങ്ങളുടെ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യത്തിൽ ചില ജില്ലകളുടെ പ്രകടനം മോശമാണെന്ന് പാനൽ വ്യക്തമാക്കി.
നാല് പേർക്ക് സ്ഥലം മാറ്റവും നൽകിയിട്ടുണ്ട്. അർവാൾ, ഷെയ്ഖ്പുര ജില്ലകളിലെ എക്സൈസ് സൂപ്രണ്ടുമാരായ നിതിൻ കുമാർ, ബിപിൻ കുമാർ എന്നിവരാണ് സസ്‌പെൻഷന് വിധേയരായത്. എക്സൈസ് സൂപ്രണ്ടുമാരായ കൃഷ്ണ മുറാരി (ജെഹാനാബാദ്), ദേവേന്ദ്ര കുമാർ (ബുക്സാർ), ശൈലേന്ദ്ര ചൗധരി (ലഖിസാരായി), സഞ്ജീവ് താക്കൂറിനെ (ജാമുയി) എന്നിവരെ സ്ഥലം മാറ്റി. തെരഞ്ഞെടുപ്പ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനത്ത് സുരക്ഷയും, മറ്റ് പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ അവലോകന യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) സുനിൽ അറോറ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.