പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബിഹാറില്‍ 3 മണി വരെ രേഖപ്പെടുത്തിയത് 46.29 ശതമാനം വോട്ട്. ഇലക്ഷന്‍ കമ്മിഷനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. ലഖിസാരായിലാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്. 40.16 ശതമാനം ആളുകള്‍ ഇവിടെ സമ്മതിദാനവകാശം വിനിയോഗിച്ചു. നവാദയില്‍ 38.08 ശതമാനവും, പട്‌ന, ജമുയി, ബഗല്‍പൂര്‍ എന്നിവിടങ്ങളിലായി 34 ശതമാനത്തിലധികവും, ബങ്കയില്‍ 33.14 ശതമാനവും, ഗയയില്‍ 32.90 ശതമാനവും, റോഹ്‌താസില്‍ 30.26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇതിനിടെ മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ കാര്‍ഷിക മന്ത്രിയുമായ പ്രേം കുമാര്‍ താമര പ്രിന്‍റ് ചെയ്‌ത മാസ്‌ക് ധരിച്ച് വോട്ട് ചെയ്യാനെത്തിയത് വിവാദത്തിന് കാരണമായി. കൂടാതെ മുംഗറില്‍ ദുര്‍ഗ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് നിതീഷ് സര്‍ക്കാറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മഹാഗത്ബന്ധന്‍ സഖ്യം രംഗത്തെത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജെഡിയു, ബിജെപി സഖ്യവും എതിരാളികളായി കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ചേര്‍ന്ന ആര്‍ജെഡി മഹാസഖ്യവും, ബിഎസ്പിയുടെ നേതൃത്വത്തില്‍ മൂന്നാം കക്ഷിയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ആര്‍ജെഡി 42 , ജെഡിയു 41, ബിജെപി 29, കോണ്‍ഗ്രസ് 21, എല്‍ജെപി 41 എന്നിങ്ങനെ സീറ്റുകളിലേക്കാണ് മല്‍സരിക്കുന്നത്. ഒരു ലക്ഷത്തിലധികം വിവിപാറ്റുകളും, ബാലറ്റുകളും, കണ്‍ട്രോള്‍ യൂണിറ്റുകളുമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജീകരിച്ചത്.