പട്‌ന: ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്‌ക്ക് 1 മണി വരെ 34.82 ശതമാനം പോളിങ് രേഖപ്പെടുത്തി. 16 ജില്ലകളിലായി 78 നിയമസഭ മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 2.35 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
1204 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ആര്‍ജെഡി 46, ചിരാഗ് പസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടി 42, ജെഡിയു 37, ബിജെപി 35, കോണ്‍ഗ്രസ് 25 എന്നിങ്ങനെ സീറ്റുകളിലേക്കാണ് മല്‍സരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിന് പുറമെ മഹാഗത്ബന്ധന്‍, മൂന്നാം കക്ഷികളായ ആര്‍എസ്എല്‍പി, ബിഎസ്‌പി, എഐഎംഐഎം, മറ്റ് പാര്‍ട്ടികള്‍ എന്നിവരും മല്‍സരിക്കുന്നുണ്ട്. വികാസ്‌ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പ്രസിഡന്‍റായ മുകേഷ് സാഹ്‌നി, നിയമസഭ സ്‌പീക്കര്‍ വിജയ് കുമാര്‍ ചൗധരി, മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവിന്‍റെ മകള്‍ സുഭാഷിണി എന്നിവര്‍ മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നു.
ജെഡിയുവില്‍ നിന്നുള്ള മന്ത്രിമാരായ ബിജേന്ദ്ര പ്രസാദ് യാദവ്, മദന്‍ സാഹ്‌നി, മഹേശ്വര്‍ ഹസാരി, നരേന്ദ്രര്‍ നാരായണ്‍ യാദവ്, രമേഷ് റിഷിദേവു, കുര്‍ഷിദ് ഏലിയാസ് ഫിറോസ് അഹമ്മദ്, ബിമ ഭര്‍തി, ലക്ഷമേശ്വര്‍ റോയ് എന്നിവരും ബിജെപിയില്‍ നിന്നുള്ള പ്രമോദ് കുമാര്‍, സുരേഷ് ശര്‍മ, ബിനോദ് നാരായണ്‍ ജാ, കൃഷ്‌ണ കുമാര്‍ റിഷി എന്നീ മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ സാമൂഹിക അകലം പാലിക്കുന്നതടക്കം, മാസ്‌ക്, സാനിറ്റൈസറുകള്‍, ഫെയ്‌സ് ഷീല്‍ഡുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ പ്രത്യേക നിര്‍ദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു. ബിഹാറില്‍ ഒക്‌ടോബര്‍ 28നും, നവംബര്‍ 3നുമായിരുന്നു ഒന്നും രണ്ടും ഘട്ട വോട്ടെടുപ്പ്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.