ബീഹാർ: വിവാഹമണ്ഡപത്തിലേക്ക് വരനായ ബബ്ലു കുമാർ മദ്യപിച്ച് ലക്കുകെട്ട് വന്നതിനെ തുടർന്നാണ് വധുവായ 20 കാരി പെൺകുട്ടി റിങ്കി കുമാരി വിവാഹത്തിൽ നിന്നും പിൻമാറിയത്. മദ്യപിച്ച് അർധ ബോധാവസ്ഥയിലായ ബബ്ലു കുമാറിന് മണ്ഡപത്തിലെ ചടങ്ങുകൾ നിർവഹിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഇതേ തുടർന്ന് രോഷാകുലയായ പെൺകുട്ടി മണ്ഡപത്തിൽ നിന്നും ഇറങ്ങിപ്പോവുകയും വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു.
വിവാഹത്തിൽ നിന്നും പിൻമാറാതിരിക്കാൻ ഇരുവീട്ടുകാരും നിർബന്ധിച്ചെങ്കിലും പെൺകുട്ടി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. സ്ത്രീധനമെന്ന പേരിൽ മുൻപ് തന്നെ വരന്‍റെ വീട്ടുകാർ പെൺകുട്ടിയുടെ വീട്ടിൽ നിന്നും പണം കൈപറ്റിയിരുന്നു. വിവാഹം മുടങ്ങിയതിനെ തുടർന്ന് കൊടുത്ത പണവും വസ്തുക്കളും തിരികെ വാങ്ങിയാണ് വരന്‍റെ വീട്ടുകാരെ മണ്ഡപത്തിൽ നിന്നും പുറത്തു പോവാൻ അനുവദിച്ചത്.
2016 ൽ ബീഹാറിൽ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ പതിവാണ്. രണ്ട് മാസങ്ങൾക്ക് മുൻപ് സമാന രീതിയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് ബീഹാറിലെ നളന്ദ ജില്ലയിൽ വിവാഹം മുടങ്ങിയിരുന്നു. മദ്യനിരോധനം സമ്പൂർണ വിജയമാണെന്ന് നിതീഷ് കുമാർ സർക്കാർ അവകാശപ്പെടുമ്പോഴും അനധികൃത മദ്യവിർപ്പന വൻ തോതിൽ നടക്കുന്നതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്.