ഛണ്ഡിഗഡ്: നിരവധി ക്ഷേത്രങ്ങള്‍ ഉള്ളതിനാല്‍ ഹരിയാനയിലെ ഭിവാനി ജില്ല മുന്‍ കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് "കൊച്ചു കാശി" എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ഭിവാനിയിലെ ബോക്‌സര്‍മാര്‍ ലോകം മുഴുവന്‍ വലിയ പേരും പ്രശസ്തിയും പിടിച്ചു പറ്റിയതോടെയാണ് ഭിവാനി "മിനി ക്യൂബ" എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഭിവാനിയിലെ ബോക്‌സർമാരുടെ കരുത്ത് ലോകം മുഴുവന്‍ കണ്ടു കഴിഞ്ഞതാണ്. 21-ആം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹരിയാനയില്‍ നിന്ന് പങ്കെടുത്ത ആറ് ബോക്‌സര്‍മാരില്‍ മൂന്ന് പേരും ഭിവാനിക്കാരായിരുന്നു. ഇതിൽ വികാസ് യാദവ് സ്വര്‍ണ മെഡലും മനീഷ് കൗഷിക് വെള്ളി മെഡലും നമന്‍ വെങ്കല മെഡലും നേടിയെടുത്തു.
ഭിവാനിയില്‍ ഇന്ന് 2000ത്തോളം ബോക്‌സര്‍മാരും 20000-ഓളം കായിക താരങ്ങളുമുണ്ട്. ഭിവാനിയിലെ വീടുകളിൽ ഒരു ബോക്‌സര്‍ ഉറപ്പായും ഉണ്ടാകും. ബോക്‌സിങ്ങ് മേഖലയില്‍ ഭിവാനിയെ ഒരു കോട്ടയാക്കി മാറ്റുന്നത് ബോക്‌സിങ്ങ് ക്ലബ്ബാണ്. രാജ്യത്തിന് നിരവധി അന്താരാഷ്ട്ര നിലവാരമുള്ള ബോക്‌സര്‍മാരെ സമ്മാനിച്ചിട്ടുണ്ട് ഈ ക്ലബ്ബ്. 2003 ഫെബ്രുവരി 17-നാണ് ബോക്‌സിങ്ങ് ക്ലബ്ബ് സ്ഥാപിതമാകുന്നത്. ഒളിമ്പിക് മെഡല്‍ ജേതാവായ വിജേന്ദര്‍ സിങ് തന്‍റെ കുട്ടിക്കാലത്ത് തന്നെ ബോക്‌സിങ്ങ് ക്ലബ്ബിലൂടെയാണ് പരിശീലനം നേടിയത്. ഇവിടെ നിന്നും പരിശീലനം നേടിയ നിരവധി കളിക്കാര്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും താരങ്ങളായി മാറിയിട്ടുണ്ട്.
2008-ലെ ഒളിമ്പിക്‌സിലാണ് വിജേന്ദര്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയത്. വിജേന്ദറിനു പുറമെ ജിതേന്ദ്രയും ദിനേഷും ആ ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ബോക്‌സിങ്ങ് ക്ലബ്ബ് പരിശീലകന്‍ ജഗദീഷ് സിങാണ് ഈ ക്ലബ്ബിന്‍റെ സ്ഥാപകരില്‍ ഒരാള്‍. 1966-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഹവാ സിങ് സ്വര്‍ണ മെഡല്‍ നേടിയതോടു കൂടിയാണ് അന്താരാഷ്ട്ര തലത്തിലുള്ള വിജയങ്ങളുടെ ആദ്യ പടിയിൽ ഭിവാനിയും ഇന്ത്യന്‍ ബോക്‌സിങ്ങും ഇടം പിടിച്ചത്. നാല് വര്‍ഷത്തിന് ശേഷം 1970ൽ വീണ്ടും ഹവാ സിങ് സ്വര്‍ണ മെഡല്‍ നേടി. അടുത്തടുത്ത രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണ മെഡല്‍ ജേതാവായി മാറിയ "ആദ്യ ഇന്ത്യന്‍ ബോക്‌സർ" ആയി അദ്ദേഹം മാറി. 1966-ല്‍ ഹവാസിങിന് "അര്‍ജ്ജുന പുരസ്‌കാരം" നല്‍കി രാജ്യം ആദരിച്ചു. വിജേന്ദര്‍ സിങ്, അഖില്‍ കുമാര്‍, ജിതേന്ദ്ര സിങ്, ദിനേഷ് കുമാര്‍, വികാസ് കൃഷ്ണന്‍, രാജ് കുമാര്‍ സംഗ്വാന്‍ എന്നിങ്ങനെ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് നിരവധി വിജയികളെ സമ്മാനിച്ചിട്ടുണ്ട് ഭിവാനി.
ഖേല്‍ രത്ന പുരസ്‌കാരം മുതല്‍ അര്‍ജ്ജുന പുരസ്‌കാരം വരെ ഭിവാനി ജില്ലയിലെ ബോക്‌സര്‍മാര്‍ നേടാത്ത പുരസ്‌കാരങ്ങളില്ല. ഇതുവരെ ഭിവാനി ജില്ലയിലെ ബോക്‌സര്‍മാര്‍ 14 അര്‍ജ്ജുന അവാര്‍ഡുകളും ഒരു ഖേല്‍ രത്ന അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തെ ആകെയുള്ള ബോക്‌സിങ്ങ് താരങ്ങളിൽ 50 ശതമാനത്തോളം ബോക്‌സിങ്ങ് താരങ്ങളെ സംഭാവന ചെയ്തിരിക്കുന്നത് ഹരിയാനയിലെ ഭിവാനി ജില്ല തന്നെ. ലോക ചാമ്പ്യന്‍ഷിപ്പിൽ ഇതുവരെ ആറ് മെഡലുകളാണ് ഇന്ത്യ നേടിയെടുത്തത്. ഇതിൽ മൂന്ന് പേർ ഭിവാനിയിൽ നിന്നുള്ള വിജേന്ദര്‍ സിങും വികാസ് കൃഷ്ണനും മനീഷ് കൗഷിക്കുമാണ്. ഭിവാനി ജില്ലയില്‍ നിന്ന് ആകെ 10 ഒളിമ്പിക് ബോക്‌സര്‍മാര്‍ ഉണ്ട്.