മുംബൈ: ഭീമ കൊറേഗാവ് അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. സംഭവത്തിലെ പ്രധാന കുറ്റവാളികൾ മനോഹർ ഭൈഡെ, മിലിന്ദ് എക്ബോട്ട് എന്നിവരാണെന്നും നവാബ് മാലിക് വ്യക്തമാക്കി. അന്നത്തെ സർക്കാർ അവർക്ക് സംരക്ഷണം നൽകിയതായും ജുഡീഷ്യൽ അന്വേഷണവും റിപ്പോർട്ടും ഉടൻ വരുമെന്നും നവാബ് മാലിക് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും നവാസ് മാലിക് ആരോപണം ഉന്നയിച്ചു. ഫഡ്നാവിസിന്‍റെ നിർദേശപ്രകാരമാണ് പൊലീസ് പ്രവർത്തിച്ചതെന്നും മാലിക് പറഞ്ഞു.
ഭീമ കൊറേഗാവ് ആക്രമണത്തില്‍ എൻസിപി മേധാവി ശരദ് പവാറിനെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഭീമ-കൊറേഗാവ് ജുഡീഷ്യൽ അന്വേഷണ കമ്മീഷന് മുമ്പാകെ സാഗർ ഷിൻഡെ അപേക്ഷ നൽകിയതിനെ തുടർന്നാണ് നവാബ് മാലിക്കിന്‍റെ ആരോപണം. സാഗർ ഷിൻഡെ സമർപ്പിച്ച അപേക്ഷ ഇന്ന് ജെ.ഐ.സി മുമ്പാകെ പരിഗണിക്കും. 2018 ജനുവരി ഒന്നിന് ഭീമ-കൊറേഗാവ് യുദ്ധത്തിന്‍റെ 200-ാം വാർഷികാഘോഷ വേളയിലാണ് അക്രമം നടന്നത്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.