ന്യൂഡൽഹി : ഭീമ കൊറേഗാവ് ആക്രമണത്തില്‍ അന്വേഷണം നേരിടുന്ന സാമൂഹിക പ്രവർത്തകൻ ഗൗതം നവ്‌ലാഖിന് സുപ്രീം കോടതി നോട്ടീസ്. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ എൻഐഎ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി നോട്ടീസ് നൽകിയത്.
ഇടക്കാല ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ പരിഗണനയിലിരിക്കെ നവ്‌ലാഖിനെ മുംബൈയിലേക്ക് മാറ്റുന്നതിനായി ഡൽഹി ഹൈക്കോടതി ദേശീയ അന്വേഷണ ഏജൻസിയെ കേസിൽ നിന്നും മാറ്റിയിരുന്നു. ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ മൂന്ന് അംഗ ബെഞ്ചാണ് നോട്ടീസ് നൽകി കൂടുതൽ വാദം കേൾക്കുന്നതിനായി ജൂൺ 15 ലേക്ക് കേസ് മാറ്റിയിരിക്കുന്നത്. മുംബൈയിലെയും ഡൽഹിയിലെയും പ്രത്യേക എൻഐഎ കോടതികളുടെ മുമ്പാകെ നടപടികളുടെ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നവ്‌ലാഖിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്നും മുംബൈയിലെ നടപടികളുടെ പൂർണ പകർപ്പും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപേക്ഷയിൽ ഡൽഹി ഹൈക്കോടതി മെയ് 28 ന് സമൻസ് അയച്ചിരുന്നു.