ബെംഗളൂരു: ബെംഗളൂരു അക്രമവുമായി ബന്ധപ്പെട്ട് 60 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബ്രൂഹത്ത് ബെംഗളൂരു മഹാനഗര പാലിക്കെയുടെ കോർപ്പറേറ്ററായ ഇർഷാദ് ബീഗത്തിന്‍റെ ഭർത്താവ് കലീം പാഷയും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു. അക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ അനന്തരവൻ നവീൻ ഉൾപ്പെടെ 206 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ നാല് സംഘങ്ങളെയും നിയോഗിച്ചു. അതേസമയം, അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ) എന്നിവ നിരോധിക്കാൻ കർണാടക സർക്കാർ ശ്രമിക്കുന്നുണ്ട്.
ഡിജെ ഹള്ളി പൊലീസ് സ്റ്റേഷനിലും കെജി ഹള്ളി പൊലീസ് സ്റ്റേഷനിലും ഫോറൻസിക് സംഘം അന്വേഷണം നടത്തി. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ അനന്തരവൻ നവീന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലി ചൊവ്വാഴ്ചയാണ് ബെംഗളൂരുവിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിനിടെ കോൺഗ്രസ് എംഎൽഎയുടെ വീടും അക്രമികൾ നശിപ്പിച്ചു. ബെംഗളൂരുവിൽ ചൊവ്വാഴ്ച നടന്ന അക്രമത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മി പറഞ്ഞിരുന്നു.