ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാന ഗതാഗത വകുപ്പ് ജീവനക്കാരുടെ സമര പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബിഎംടിസി ജീവനക്കാരെ മര്‍ദ്ദിക്കുകയും ബസുകള്‍ എടുക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഉപ്പാര്‍പേട്ട് പൊലീസ് സ്റ്റേഷനില്‍ രണ്ട് എഫ്‌ഐആറാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ പണിമുടക്ക് ആഹ്വാനം ചെയ്‌തത്. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ യൂണിയന്‍ നേതാക്കളുമായും കെഎസ്‌ആര്‍ടിസി യൂണിയന്‍ നേതാക്കളുമായും ഡെപ്യൂട്ടി മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായ ലക്ഷ്മണ്‍ സവാഡി വെള്ളിയാഴ്‌ച ചര്‍ച്ച നടത്തും.