ബെംഗളൂരു: ജ്വല്ലറി മോഷണക്കേസിൽ നേപ്പാൾ സ്വദേശികളായ ആറ് പേരെ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്‌തു. അമർ സിംഗ്, ഗണേശ് ബഹദൂർ ഷാഹി, കൃഷ്‌ണ രാജ്, ചരൺ സിംഗ്, സലീം പാഷ, ഷാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ആറ് മാസം മുമ്പാണ് ഇവർ കർണാടകയിൽ എത്തിയത്. ഈ മാസം അഞ്ചിനാണ് വൈറ്റ്‌ഫീൽഡിലെ മാതാജി ജ്വല്ലറിയിൽ നിന്നും മോഷണം നടത്തിയത്. പകൽ സമയത്ത് സംഘം സുരക്ഷാ ജോലികൾ ചെയ്യുകയും പൂട്ടിയിരിക്കുന്ന കടകൾ കണ്ടെത്തി രാത്രിയാകുമ്പോൾ കൊള്ളയടിക്കുകയാണ് പതിവ്.
പ്രതികൾ ജ്വല്ലറിയുടെ വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് ലക്ഷങ്ങൾ വിലയുള്ള വെള്ളി ആഭരണങ്ങളാണ് കവർന്നത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസിന് പ്രതികളെ തിരിച്ചറിയാൻ സാധിച്ചു. ആറ് മാസം മാത്രമാണ് ഒരു നഗരത്തിൽ തുടരുകയെന്നും കവർച്ചക്ക് ശേഷം മറ്റൊരിടത്തേക്ക് രക്ഷപ്പെടുമെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ആന്ധ്രപ്രദേശ്, കൊൽക്കത്ത, തെലങ്കാന, ഗുജറാത്ത്, തെലങ്കാന, കൊൽക്കത്ത എന്നിവിടങ്ങളിലും സംഘം താമസിച്ചിട്ടുണ്ട്. ലാപ്ടോപ്പ്, 350 ഗ്രാം സ്വർണം, മൊബൈൽ ഫോണുകൾ, ഗ്യാസ് കട്ടർ എന്നിവ പ്രതികളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.