ബെംഗളൂരു: മൂന്നാം തവണയും മികച്ച പ്രാദേശിക വിമാനത്താവളമായി ബെംഗളൂരു കെംമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം. ഉപയോക്താക്കളുടെ ഇടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് ഇന്ത്യയിലെയും മധ്യ ഏഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളമായി കെംമ്പഗൗഡയെ തെരഞ്ഞെടുത്തത്. 2020 വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് വിഭാഗത്തിലാണ് അംഗീകാരം കെംമ്പഗൗഡയെ തേടിയെത്തിയത്. 11 വര്‍ഷം പൂര്‍ത്തിയായ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ അംഗീകാരമാണിതെന്ന് ബെംഗളൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എംഡി ഹരി കെ മാരാര്‍ പറഞ്ഞു. ഈ അവാര്‍ഡ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളില്‍ ഏറ്റവും വലിയ അംഗീകാരമായാണ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡിനെ കണക്കാക്കുന്നത്. 550 വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപഭോക്‌തൃ സേവനങ്ങളും സൗകര്യങ്ങളും വിലയിരിത്താനുള്ള ഗ്ലോബല്‍ എയര്‍പോര്‍ട്ട് കസ്റ്റമര്‍ സാറ്റിസ്‌ഫാക്ഷന്‍ സര്‍വെയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കുന്നത്. ആറു മാസമാണ് സര്‍വെ കാലാവധി.