കൊൽക്കത്ത: ഈ മാസം 28ന് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകൾക്കായി പശ്ചിമ ബംഗാൾ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കിയ നിർദേശങ്ങളിൽ വിമാനമാർഗം ബംഗാളിലെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയുമെന്ന് വ്യക്തമാക്കുന്ന ഫോമുകൾ ഹാജരാക്കണമെന്ന് നിർദേശിക്കുന്നു.
പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ:
1. എല്ലാ യാത്രക്കാരും പുറപ്പെടുന്ന വിമാനത്താവളത്തിൽ വച്ച് ആരോഗ്യ പരിശോധനക്ക് വിധേയരാവണം. പരിശോധനയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമേ യാത്രാ അനുമതി നൽകൂ.
2. ബംഗാളിലെ വിമാനത്താവളങ്ങളിൽ എത്തിയാൽ ഇവർക്ക് വീണ്ടും ആരോഗ്യ പരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഇല്ലാത്ത യാത്രക്കാർക്ക് അവരവരുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകാം. എന്നാൽ 14 ദിവസത്തെ നിരീക്ഷണം നിർബന്ധം. ഈ ദിവസങ്ങൾക്കുള്ളിൽ എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ പ്രാദേശിക മെഡിക്കൽ ഓഫീസറെയോ സ്റ്റേറ്റ് കോൾ സെന്‍ററിനെയോ വിവരമറിയിക്കണം.
3. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന യാത്രക്കാരെ സംസ്ഥാനത്തെ ആരോഗ്യ സൗകര്യങ്ങളിലേക്ക് കൊണ്ടുപോകും. തുടർന്ന്, അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കും.
4. മിതമായ രീതിയിലോ ശക്തമായ രീതിയിലോ രോഗ ലക്ഷണങ്ങളുള്ളവരെ കൊവിഡ് 19 ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും. നേരിയ ലക്ഷണങ്ങളുള്ളവരെ വീട്ടിലോ സർക്കാർ ഏർപ്പെടുത്തുന്ന നിരീക്ഷണ കേന്ദ്രങ്ങളിലോ നിരീക്ഷണത്തിൽ ഉൾപ്പെടുത്തും.
5. യാത്രക്കാർ കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊവിഡ് പോസിറ്റീവ് ആയിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ഒരു സ്വയം പ്രഖ്യാപന ഫോം സമർപ്പിക്കണം.
6. വിമാനത്താവളങ്ങളിൽ നിന്ന് സാനിറ്റൈസറുകളും സോപ്പുകളും ലഭ്യമായിരിക്കും. ഇവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം.
കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൽ മിക്ക സംസ്ഥാന ഗവൺമെന്‍റുകളും അനുകൂലമല്ല. ഇതേ തുടർന്ന് ഏകദേശം 630 വിമാനങ്ങൾ ഇതുവരെ റദ്ദാക്കി.