ബെംഗുളൂരു: സ്‌കൂൾ വിദ്യാര്‍ഥികളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികളും കവറുകളും വാങ്ങി പകരം രണ്ട് രൂപ നല്‍കി വ്യത്യസ്തനാകുകയാണ് അന്‍ജട്‌ഗേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബാസവരാജ് ബിദ്‌നാല്‍. കര്‍ണ്ണാടകയിലെ ധര്‍വാഡ് ജില്ലയിലെ അന്‍ചട്‌ഗേരി ഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാക്കുക എന്ന തന്‍റെ സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിന്‍റെ ഭാഗമായാണ് ബാസവരാജ് കുട്ടികളില്‍ നിന്നും പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നത്.
ഇതുവരെ 16000 പ്ലാസ്റ്റിക് കുപ്പികളാണ് ബാസവരാജ് കുട്ടികളില്‍ നിന്നും ശേഖരിച്ചത്. പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന ആശയം നടപ്പാകുന്നതിനെ ആദ്യം ജനങ്ങൾ കളിയാക്കിയിരുന്നുവെന്നും അതുകൊണ്ട് തന്നെ ആദ്യമൊക്കെ ഒറ്റയാൾ പോരാട്ടം നടത്തേണ്ടി വന്നിരുന്നു എന്നും ബാസവരാജ് പറയുന്നു. എന്നാല്‍ പ്ലാസ്റ്റിക് വിമുക്തമായ പഞ്ചായത്ത് എന്ന ആശയത്തില്‍ നിന്നും പിന്തിരിയാന്‍ താന്‍ തയ്യാറായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ സ്‌കൂൾ കുട്ടികളിലൂടെ തന്‍റെ സ്വപ്‌നത്തിലേക്കെത്താന്‍ പരിശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂൾ കുട്ടികളില്‍ നിന്നും പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് മറ്റുള്ളവരില്‍ ബോധവല്‍ക്കരണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമൊക്കെ പ്രദേശത്തെ ജനങ്ങളില്‍ നിന്നും മോശമായ പ്രതികരണമായിരുന്നു എന്നാല്‍ കുട്ടികളുടെ പങ്കാളിത്തം ആളുകളില്‍ മാറ്റമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ബാസവരാജിന്‍റെ ഈ പ്രയത്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷ ചടങ്ങില്‍ അഭിനന്ദിച്ചു. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്‍റുകളില്‍ പൊടിച്ച് തന്‍റെ ഗ്രാമത്തില്‍ റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കുമെന്നും ബാസവരാജ് പറഞ്ഞു.