ന്യൂഡൽഹി: 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് പൊതുമേഖലാ ബാങ്കുകളിലെ ബാങ്കിംഗ് സേവനങ്ങളെ ബാധിക്കാൻ സാധ്യത. ജനുവരി എട്ടിന് നടക്കാനിരിക്കുന്ന പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുന്നതിനെക്കുറിച്ച് മിക്ക വായ്‌പക്കാരും ഇതിനകം സ്‌റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്.
എ.ഐ.ബി.ഇ.എ, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ), ബി.ഇ.എഫ്.ഐ, ഐ.എൻ.ബി.ഇ.എഫ്, ഐ.എൻ.ബി.ഒ.സി, ബാങ്ക് കർമചാരി സേന മഹാസംഗ് (ബി.കെ.എസ്.എം) എന്നിവയുൾപ്പെടെ വിവിധ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
പണിമുടക്ക് നിക്ഷേപം പിൻവലിക്കൽ, ചെക്ക് ഇടപാടുകൾ, തുടങ്ങിയ ബാങ്കിംഗ് സേവനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, സ്വകാര്യമേഖലയിലെ ബാങ്ക് സേവനങ്ങളെ ബാധിക്കാൻ സാധ്യതയില്ല. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ 25 കോടിയോളം ആളുകൾ പങ്കെടുക്കും.
ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ലിയുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നിവയുൾപ്പടെ വിവിധ മേഖലാ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളുമാണ് ജനുവരി എട്ടിന് രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.