ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്‌തമായ ബദ്രിനാഥ് ക്ഷേത്രം മെയ് 15ന് തുറക്കും. ക്ഷേത്രപരിസരത്ത് നിന്ന് മഞ്ഞ് നീക്കം ചെയ്യുക, ജല-വൈദ്യുതി സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ അവസാനഘട്ട തയാറെടുപ്പുകൾ പുരോഗിക്കുകയാണ്. ക്ഷേത്രത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും നിര്‍ദേശങ്ങൾ നല്‍കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ചാർധാം ദേവസ്ഥാനം ബോർഡ് അധികൃതര്‍ അറിയിച്ചു.
തയാറെടുപ്പുകൾ വിലയിരുത്താൻ ദേവസ്ഥാനം ബോർഡിലെ സ്റ്റാഫ് ഓഫീസർമാർ ബദരീനാഥിലെത്തി. ഗർവാൾ കമ്മിഷണറും ദേവസ്ഥാനം ബോർഡ് സിഇഒയുമായ രമൺ രവിനാഥിനാണ് ചുമതല. ലോക്ക് ഡൗൺ അവസാനിച്ച ഉടൻ ചാർധാം യാത്ര നടത്തും. അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 26ന് ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നിരുന്നു. ഏപ്രിൽ 29ന് കേദർനാഥും തുറന്നു. ഏപ്രിൽ 30നാണ് ബദരീനാഥ് ക്ഷേത്രം തുറക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യ വ്യാപകമായ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇത് മെയ് 15ലേക്ക് നീട്ടുകയായിരുന്നു.