ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ശിലാസ്ഥാപനം നടക്കാനിരിക്കെ പള്ളി നിര്‍മാണത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. അയോധ്യയിലെ ധനിപൂര്‍ ഗ്രാമത്തിലാണ് പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഇതിനായി ട്രസ്റ്റ് രൂപികരിച്ചിട്ടുണ്ട്. ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന്‍റെ ചുമതല സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിനായിരിക്കും. ചെയര്‍മാന്‍ സഫര്‍ ഫറൂഖി ചീഫ് ട്രസ്റ്റിയായി ചുമതലയേല്‍ക്കും. സെക്രട്ടറിയും ട്രസ്റ്റിന്‍റെ ഔദ്യോഗിക വക്താവുമായി അത്തര്‍ ഹുസൈന്‍ ചുമതലയേല്‍ക്കും. ട്രസ്റ്റിലെ അംഗങ്ങളായേക്കാവുന്ന 15 ആളുകളുടെ പേരുകള്‍ മുഴുവനായും ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി ഇതുവരെ പുറത്തു വിട്ടിട്ടില്ല. 9 അംഗങ്ങളുടെ പേരുകള്‍ മാത്രമാണ് പുറത്ത് വിട്ടത്.
ബാബരി മസ്‌ജിദ് കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം യുപി സര്‍ക്കാര്‍ 5 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കിയിരുന്നു. പൊതു താല്‍പര്യം മുന്‍നിര്‍ത്തി പള്ളിയോടൊപ്പം മറ്റൊരു കെട്ടിടവും നിര്‍മിക്കുന്നതാണ്. ഓഗസ്റ്റ് 5നാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നത്. ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തരമൊരു നീക്കത്തില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.