ലക്‌നൗ: ഇന്ത്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസിലെ വിധി ഇന്ന്. രാവിലെ 10:30 ഓടു കൂടി ലക്‌നൗവിലെ സി ബി ഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര യാദവ് വിധി പ്രസ്താവിക്കും. 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിധി പറയുന്നത്. ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ കുറ്റാരോപിതരായ 49 പേരില്‍ 17 പേര്‍ ഇതിനിടയില്‍ മരിച്ചു കഴിഞ്ഞു. മറ്റ് 32 കുറ്റാരോപിതരോടും വിധി പ്രഖ്യാപന സമയത്ത് കോടതിയില്‍ ഉണ്ടായിരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട് .
കുറ്റാരോപിതരില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളായ ലാല്‍ കൃഷ്ണ അദ്വാനി, ഡോക്ടര്‍ മുരളി മനോഹര്‍ ജോഷി, മുന്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ്, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരൊക്കെ ഉള്‍പ്പെടുന്നു. കോടതി വിധി പ്രഖ്യാപിക്കുമ്പോള്‍ ഇതില്‍ എത്ര പേര്‍ അവിടെ ഹാജരാകും എന്നതിനെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. കാരണം പലരും വളരെ അധികം പ്രായമായവരാണ്. മാത്രമല്ല, കൊറോണ മഹാമാരിയുടെ കാലഘട്ടവുമാണ് ഇത്. എന്നിരുന്നാലും സാധ്വി റിതാംബര, വിനയ് കത്തിയാര്‍, പവന്‍ പാണ്ഡെ എന്നിങ്ങനെയുള്ള നിരവധി കുറ്റാരോപിതര്‍ കോടതിയില്‍ ഹാജരാകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജീവിച്ചിരിക്കുന്ന കുറ്റാരോപിതര്‍
എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുധീര്‍ കക്കര്‍, സതീഷ് പ്രധാന്‍, രാം ചന്ദ്ര ഖത്രി, സന്തോഷ് ദുബെ, കല്യാണ്‍ സിങ്, ഉമാഭാരതി, രാംവിലാസ് വേദാന്തി, വിനയ് കത്തിയാര്‍, പ്രകാശ് ശര്‍മ്മ, ഗാന്ധി യാദവ്, ജയ് ബാന്‍ സിങ്, ലല്ലു സിങ്, കമലേഷ് ത്രിപാഠി, ബ്രിജ് ഭൂഷണ്‍ സിങ്, രാംജി ഗുപ്ത, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ചമ്പട്ട് റായ്, സാക്ഷി മഹാരാജ്, വിനയ് കുമാര്‍ റായ്, നവീന്‍ ഭായ് ശുക്ല, ധര്‍മ്മദാസ്, ജയ് ഭഗവാന്‍ ഗോയല്‍, അമര്‍നാഥ് ഗോയല്‍, സാധ്വി റിതംബര, പവന്‍ പാണ്ഡെ, വിജയ് ബഹാദൂര്‍ സിങ്, ആര്‍ എം ശ്രാവാസ് തവ, ധര്‍മ്മേന്ദ്ര സിങ് ഗുര്‍ജാര്‍, ഓം പ്രകാശ് പാണ്ഡെ, ആചാര്യ ധര്‍മേന്ദ്ര.
ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത കുറ്റാരോപിതര്‍
പരമഹംസ രാമചന്ദ്ര ദാസ്, വിനോദ് കുമാര്‍ വത്സ്, രാം നാരായണ്‍ ദാസ്, ഡി ബി റായ്, ലക്ഷ്മി നാരായണ്‍ ദാസ്, ഹര്‍ ഗോവിന്ദ് സിങ്, രമേശ് പ്രതാപ് സിങ്, ദേവേന്ദ്ര ബഹാദൂര്‍, അശോക് സിംഘല്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, മൊറേശ്വര്‍ സവായ്, മഹന്ദ് അവൈദ്യനാഥ് മഹാമണ്ഡലേശ്വര്‍, ജഗ്ദീഷ് മുനി മഹാരാജ്, ബൈഗുണ്ഡലാല്‍ ശര്‍മ്മ, സതീഷ് കുമാര്‍ നഗര്‍, ബാലാ സാഹബ് താക്കറെ.
1992 ഡിസംബര്‍-6-ന് നടന്ന ബാബരി മസ്ജിദ് തകര്‍ക്കല്‍
1992 ഡിസംബര്‍ -6-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കര്‍സേവയില്‍ പങ്കെടുക്കുവാന്‍ രാജ്യത്ത് ഉടനീളമുള്ള എല്ലാവര്‍ക്കും ഹൈക്കോടതി അനുമതി നല്‍കി. എത്ര കര്‍സേവകര്‍ക്ക് ഇതിനായി അയോധ്യയില്‍ എത്തി ചേരാമെന്നുള്ള കണക്ക് കോടതി നിജപ്പെടുത്തിയിരുന്നില്ല. ചില മനസാക്ഷി കുത്തില്ലാത്തവരുടേയും സാമൂഹ്യ ദ്രോഹികളുടേയും പ്രവര്‍ത്തന ഫലമായി സ്ഥിതി ഗതികള്‍ നിയന്ത്രണാതീതമാവുകയും ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട ആദ്യ എഫ് ഐ ആര്‍ രാമജന്മഭൂമി പൊലീസ് സ്‌റ്റേഷനില്‍ 6-15 നാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ലക്ഷകണക്കിന് കര്‍സേവകരെ കുറിച്ച് പരാമര്‍ശിച്ചു എങ്കിലും ആരുടേയും പേരെടുത്ത് പറഞ്ഞിരുന്നില്ല.
എന്നാല്‍ ആദ്യ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് 10 മിനുട്ട് കഴിഞ്ഞപ്പോള്‍ 6.25-ന് മറ്റൊന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാമജന്മഭൂമി പൊലീസ് പോസ്റ്റിന്‍റെ അന്നത്തെ ചുമതലയുണ്ടായിരുന്ന ഗംഗാ പ്രസാദ് തിവാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. രണ്ടാമത്തെ എഫ് ഐ ആറില്‍ രാഷ്ട്രീയ ഘടകം കടന്നു കൂടിയത് വളരെ വ്യക്തമായിരുന്നു. രണ്ടാമത്തെ എഫ് ഐ ആര്‍ ആണ് അന്വേഷണത്തിനായി പ്രാദേശിക പൊലീസിന് കൈമാറിയത്. എന്നാല്‍ രണ്ടാം ദിവസം തന്നെ ഈ കേസ് സിബിസിഐഡിക്ക് കൈമാറുകയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിങ് രാജി വച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
സിബിസിഐഡി കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കി. അതിനു ശേഷം മൊത്തം കേസുകളും സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിബിഐ കേസ് അന്വേഷിക്കുവാന്‍ ആരംഭിക്കുകയും 49 പേര്‍ക്കെതിരായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസിലെ വാദവും വിചാരണയും എല്ലാം രണ്ട് ദശാബ്ദങ്ങള്‍ നീണ്ടു. രണ്ട് സ്ഥലങ്ങളിലാണ് വിചാരണ ഉണ്ടായത്. റായ് ബറേലിയിലും ലക്‌നൗവിലും. പ്രമുഖ നേതാക്കന്മാര്‍ കുറ്റാരോപിതരായ കേസിന്റെ വിചാരണ റായ് ബറേലിയിലാണ് നടന്നത്. മറ്റുള്ളവരെ കുറ്റാരോപിതരാക്കിയ രണ്ടാമത്തെ കേസിന്റെ വിചാരണ ലക്‌നൗവിലും നടന്നു. ഇതിനിടയില്‍ സുപ്രീം കോടതി കേസ് റായ് ബറേലിയില്‍ നിന്നും ലക്‌നൗവിലേക്ക് മാറ്റുകയും രണ്ട് ദശാബ്ദങ്ങളോളം വാദങ്ങള്‍ കേട്ട ശേഷം വിചാരണ നടത്തപ്പെടുകയും ചെയ്തു. ഇന്നിപ്പോള്‍ 2020 സെപ്റ്റംബര്‍-30-ന് കേസില്‍ വിധി പറയുകയായി.
ബാബരി മസ്ജിദ് തകര്‍ക്കല്‍ ഒറ്റനോട്ടത്തില്‍
* 1992 ഡിസംബര്‍-6-ന് ബാബരി മസ്ജിദ് മന്ദിരം തകര്‍ക്കപ്പെട്ടതിനു ശേഷം ഫൈസാബാദില്‍ അതേ ദിവസം തന്നെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആദ്യ എഫ് ഐ ആര്‍ പേരു പറയാത്ത ലക്ഷകണക്കിന് കര്‍സേവകര്‍ക്കെതിരെ ആയിരുന്നു. രണ്ടാമത്തേത് ലാല്‍കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, ബാല്‍ താക്കറെ, ഉമാഭാരതി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 49 പേര്‍ക്ക് എതിരെയുള്ളതും. ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച ഗൂഢാലോചന നടത്തി എന്നുള്ളതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
* 1993-ല്‍ ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ് സി ബി ഐ യ്ക്ക് കൈമാറപ്പെട്ടു. ബി ജെ പി ആര്‍ എസ് എസ് നേതാക്കള്‍ കുറ്റാരോപിതരായ കേസിന്റെ വിചാരണ റായ് ബറേലിയിലെ കോടതിയിലും രണ്ടാമത്തെ കേസിന്റെ വിചാരണ ലക്‌നോവിലെ കോടതിയിലുമാണ് നടന്നത്. ഒക്‌ടോബറില്‍ സി ബി ഐ ഈ രണ്ട് കേസുകളും ഒന്നാക്കി മാറ്റി മറ്റൊരു കുറ്റപത്രം സമര്‍പ്പിച്ചു. അതില്‍ ലാല്‍കൃഷ്ണ അദ്വാനിയും മറ്റ് നേതാക്കളും കുറ്റകരമായ ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെട്ടു.
* 1996-ല്‍ ഇരു കേസുകളും ഒരുമിച്ച് വിചാരണ ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു വിജ്ഞാപനം ഉത്തരപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കി. അതിനു ശേഷം ലക്‌നോവിലെ സി ബി ഐ പ്രത്യേക കോടതി കേസില്‍ കുറ്റകരമായ ഗൂഢാലോചന എന്ന വകുപ്പ് കൂടി കൂട്ടിച്ചേര്‍ത്തെങ്കിലും അദ്വാനിയും മറ്റ് നിരവധി പേരും അത് കോടതിയില്‍ വെല്ലുവിളിക്കുകയുണ്ടായി.
* 2001 മേയ്-4-ന് അദ്വാനിക്കും മറ്റുള്ളവര്‍ക്കും എതിരെയുള്ള കുറ്റകരമായ ഗൂഢാലോചന ആരോപണം നീക്കം ചെയ്തു പ്രത്യേക സി ബി ഐ കോടതി.
* 2003-ല്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. എല്‍ കെ അദ്വാനിക്കെതിരെ ആവശ്യത്തിന് തെളിവുകളില്ല എന്ന് റായ് ബറേലിയിലെ കോടതി നിരീക്ഷിച്ചു. ഹൈക്കോടതി പ്രശ്‌നത്തില്‍ ഇടപെടുകയും അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും എതിരെയുള്ള വിചാരണ കുറ്റകരമായ ഗൂഢാലോചന കുറ്റം കൂടി ഉള്‍പ്പെടുത്തി കൊണ്ട് തുടരുകയും ചെയ്തു.
* 2010 മേയ്-23-ന് അലഹബാദ് ഹൈക്കോടതി ലാല്‍കൃഷ്ണ അദ്വാനിക്കും മറ്റുള്ളവര്‍ക്കും എതിരെയുള്ള കുറ്റകരമായ ഗൂഢാലോചന ആരോപണം എടുത്തു കളഞ്ഞു. 2012-ല്‍ സി ബി ഐ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും കുറ്റകരമായ ഗൂഢാലോചന ആരോപണം നില നിര്‍ത്തുക മാത്രമല്ല കേസിന്‍റെ വിചാരണ എത്രയും പെട്ടെന്ന് തീര്‍ക്കുവാനും ഉത്തരവിടുകയും ചെയ്തു ഉന്നത നീതിപീഠം.
* 2017 ഏപ്രിലില്‍ സുപ്രീം കോടതി തങ്ങളുടെ ഉത്തരവിലൂടെ 2 വര്‍ഷത്തിനുള്ളില്‍ കേസിന്‍റെ വിചാരണ തീര്‍ക്കുവാന്‍ പ്രത്യേക സി ബി ഐ കോടതിയോട് നിര്‍ദ്ദേശിച്ചു. കേസ് റായ് ബറേലിയിലും ലക്‌നൗവിലും ആണ് വാദം കേട്ടിരുന്നതെങ്കിലും ഇരു കേസുകളും ഒന്നിച്ച് ചേര്‍ത്ത് അവയുടെ വിചാരണ ലക്‌നൗവില്‍ നടത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുവാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
* 2017 മേയ്-21 മുതല്‍ കേസില്‍ ദിവസേന വിചാരണ ആരംഭിച്ചു. എല്ലാ കുറ്റാരോപിതരുടേയും മൊഴികള്‍ കോടതിയില്‍ രേഖപ്പെടുത്തി. കൊറോണ മഹാമാരി മൂലം ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങി നിരവധി പേരുടെ മൊഴികള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് രേഖപ്പെടുത്തിയത്.
* 2020 മേയ്-8-ന് സുപ്രീം കോടതി കേസിന്‍റെ വിചാരണ ഓഗസ്റ്റ്-31 ഓടു കൂടി തീര്‍ക്കണമെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീയതി സെപ്റ്റംബര്‍-30 വരെ നീട്ടി കൊടുക്കുകയായിരുന്നു.
* സി ബി ഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര യാദവ് എല്ലാ പാര്‍ട്ടികളുടേയും സാക്ഷികളുടേയും വാദങ്ങൾ കേള്‍ക്കുകയും ചെയ്തു കൊണ്ട് 2020 സെപ്റ്റംബര്‍ -1-ന് ബാബരി മസ്ജിദ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുകയും വിധി പ്രസ്താവം എഴുതുവാന്‍ സെപ്റ്റംബര്‍-2-ന് ആരംഭിക്കുകയും ചെയ്തു. ചരിത്രം കുറിച്ച് ഈ കേസിലെ വിധി സെപ്റ്റംബര്‍-30-ന് താന്‍ പ്രഖ്യാപിക്കുമെന്ന് ജഡ്ജി സുരേന്ദ്ര യാദവ് സെപ്റ്റംബര്‍-16-ന് അറിയിച്ചു.