ന്യൂഡല്‍ഹി: ബാബറി മസ്‌ജിദ് കേസ് വിചാരണ ആഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്‌റ്റിസുമാരായ ആര്‍ എഫ് നരിമാനും സൂര്യകാന്തുമാണ് കേസ് ആഗസ്റ്റ് 31 ന് മുമ്പ് തീര്‍പ്പാക്കി വിധി പറയണമെന്ന നിര്‍ദേശം നല്‍കിയത്. വിഷയം അന്വേഷിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ മുന്‍ ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ മേധാവിയായി ഒരു കമ്മീഷന്‍ രൂപികരിച്ചു. 1992 ഡിസംബര്‍ 16 നാണ് ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്. ഡിസംബര്‍ 6ന് ബാബറി മസ്‌ജിദ് തകര്‍ക്കല്‍ നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണ കമ്മീഷന്‍ പ്രാബല്യത്തില്‍ വരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന കലാപത്തില്‍ 2000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്‌ബോലെ അന്ന് സര്‍ക്കാറിനെ അറിയിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്‍റെ കാലാവധി 48 തവണയാണ് നീട്ടേണ്ടി വന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട കമ്മീഷന്‍ അന്വേഷണമായിരുന്നു അത്. 16 വര്‍ഷവും ആറുമാസവും കഴിഞ്ഞാണ് പിന്നീട് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 2009 ജൂണ്‍ 30 ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എട്ട് കോടി രൂപയാണ് കമ്മീഷനു വേണ്ടി കേന്ദ്ര സര്‍ക്കാറിന് ഇതുവരെ ചെലവാക്കേണ്ടി വന്നത്.
കേസിലുള്‍പ്പെട്ട പ്രമുഖര്‍
49 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 17 പേര്‍ നേരത്തെ മരിച്ചിരുന്നു. കേസില്‍ പ്രമുഖ നേതാക്കളായ മുന്‍ ഉപ പ്രധാനമന്ത്രി എല്‍ കെ അദ്വാനി, മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളീമനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരുള്‍പ്പെടുന്നു.
എല്‍ കെ അദ്വാനി: ദേശീയ തലത്തില്‍ ബിജെപി ശക്തി പ്രാപിച്ചുവരുന്ന കാലഘട്ടത്തില്‍ ബിജെപി പ്രസിഡന്‍റായിരുന്നു എല്‍.കെ അദ്വാനി. 1989 ല്‍ പാര്‍ട്ടിക്ക് 80 സീറ്റുകള്‍ ലഭിച്ചു. അന്ന് മുതല്‍ എല്‍.കെ അദ്വാനിയായിരുന്നു പാര്‍ട്ടി പ്രസിഡന്‍റ്. രഥ് യാത്ര എന്ന പേരില്‍ യാത്ര നടത്തി അയോധ്യയില്‍ അവസാനിക്കണമെന്ന അദ്ദേഹത്തിന്‍റെ പദ്ധതി പൂര്‍ത്തിയായില്ല. ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 1996ലെ മൂന്ന് മാസത്തെ ഭരണത്തിന് ശേഷം 1998ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ അദ്വാനിയായിരുന്നു ആഭ്യന്തര മന്ത്രി. പിന്നീട് അദ്ദേഹം ഉപ പ്രധാനമന്ത്രി പദവിയും വഹിച്ചു.
- കല്യാണ്‍ സിങ്
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്. ബാബറി മസ്‌ജിദിന്‍റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ കടമയായിരുന്നു. എന്നാല്‍ തെറ്റിദ്ധരിക്കപ്പെടുന്ന പ്രസ്‌താവനകളായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. എന്നാല്‍ ബാബറി മസ്‌ജിദ് പൊളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു.
- ഉമാ ഭാരതി
ബാബറി മസ്‌ജിദ് തകര്‍ക്കുന്നതിനിടെ അയോധ്യയില്‍ നടന്ന റാലിയില്‍ ഉമാഭാരതി പങ്കെടുത്തിരുന്നു. ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിച്ചതിന് ലിബര്‍ഹാന്‍ കമ്മീഷന്‍ ഇവര്‍ക്കെതിരെ കുറ്റമാരോപിച്ചിരുന്നു.
- മുരളി മനോഹര്‍ ജോഷി
അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണം ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് ബിജെപി നേതാവായ മുരളി മനോഹര്‍ ജോഷി പറഞ്ഞിരുന്നു. ആക്രമണത്തിന് കര്‍സേവകരെ പ്രേരിപ്പിച്ചുവെന്നും പ്രകോപനമരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നും കമ്മീഷന്‍ പറയുന്നു.