അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച നടത്താൻ സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ചക്കായി കോടതി മൂന്നംഗ സമിതിയെ നിയമിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയില്‍ മുതിര്‍ന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരും അംഗങ്ങളാണ്. ഫൈസാബാദില്‍ ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങാനാണ് കോടതി നിര്‍ദ്ദേശം. നാലാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ ആരംഭിക്കണം. എട്ട് ആഴ്ച കൊണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആവശ്യമെങ്കില്‍ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് തീരുമാനം. മധ്യസ്ഥ ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സമിതിയുടെ നടപടികള്‍ രഹസ്യമാക്കുന്നതില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചയില്‍ ഉടലെടുക്കുന്ന തീരുമാനം സുപ്രീംകോടതി വിധിക്ക് തുല്യമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് അംഗീകരിക്കണമെന്നായിരുന്നു കോടതിയുടെ നിലപാട്. അയോധ്യ കേസ് വെറും ഭൂമിതര്‍ക്കമല്ലെന്നും മതപരവും വൈകാരികവും ആയ വിഷയമാണെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചക്കായി കേസിലെ കക്ഷികള്‍ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടക്കമുള്ളവരുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് പുറത്ത് നിന്നുള്ളവരെയാണ് സുപ്രീംകോടതി നിയമിച്ചത്.
സുന്നി വഖഫ് ബോര്‍ഡും, നിര്‍മോഹി അഖാഡയുമാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ചത്. ഹിന്ദുമഹാസഭയും ഇസ്ലാം സംഘടനകളും മധ്യസ്ഥ ചര്‍ച്ച കൊണ്ട് കാര്യമില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.