ന്യൂഡൽഹി: ഒഡിഷയിലെ കിയോഞ്ചറില്‍ നിന്നുള്ള ബിജെഡി എംപിയാണ് ചന്ദ്രാണി മുര്‍മുര്‍. ഇത്തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗം. പ്രായം 25 വയസും 11 മാസവും ഒമ്പത് ദിവസവും. ഒഡീഷ സ്വദേശിയായ ചന്ദ്രാണി മുര്‍മുര്‍ ആറ് മാസം മുമ്പ് വരെ ജോലി അന്വേഷിച്ച് നടന്ന എഞ്ചിനീയറിങ് ബിരുദധാരിയായിരുന്നു.
സ്ഥാനാർഥി നിർണയത്തിൽ 33 ശതമാനം വനിത സംവരണം നടപ്പിലാക്കാന്‍ ബിജെഡി തീരുമാനിച്ചതോടെയാണ് ചന്ദ്രാണി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഉന്നതവിദ്യാഭ്യാസവും രാഷ്ട്രീയ വീക്ഷണവും ഉള്ള യുവതികളെ കണ്ടെത്താനുള്ള തിരച്ചിലാണ് ചന്ദ്രാണി മുര്‍മുര്‍ എന്ന ആദിവാസി യുവതിയില്‍ എത്തിയത്. പട്ടികവര്‍ഗ സംവരണ മണ്ഡലമായ കിയോഞ്ചറില്‍ ബിജെപിയുടെ സിറ്റിങ് എംപി അനന്ത നായകനെ 66,203 വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ചന്ദ്രാണി ലോക്‌സഭയിലെക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2017 ൽ ബിടെക്ക് പഠനം പൂര്‍ത്തിയാക്കിയ ചന്ദ്രാണി ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നു. താൻ ജനസേവനം തന്‍റെ വഴിയായി തെരഞ്ഞെടുത്തുവെന്ന് ചന്ദ്രാണി മുര്‍മുര്‍ പറയുന്നു.