ഗുവാഹത്തി: അസം പ്രളയത്തെ തുടർന്ന് കാസിരംഗ ദേശീയോദ്യാനത്തിൽ 51ഓളം മൃഗങ്ങൾ ചത്തൊടുങ്ങി. 102ഓളം മൃഗങ്ങളെ രക്ഷപ്പെടുത്താനായെന്നും നിരവധി കടുവകളും കണ്ടാമൃഗങ്ങളും അടുത്ത ഗ്രാമത്തിലേക്ക് കടന്നെന്നും അധികൃതർ അറിയിച്ചു. ദേശീയോദ്യാനത്തിന്‍റെ 430 സ്‌ക്വയർ കിലോമീറ്റർ പ്രദേശം വെള്ളത്തിനടയിലാണുള്ളത്. മൃഗങ്ങളുടെ സഞ്ചാരം തടസപ്പെടാതിരിക്കാൻ ദേശീയപാത 37ലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.
45 ഹോഗ് മാനുകൾ, മൂന്ന് കാട്ടുപന്നി, കാണ്ടാമൃഗം, കാട്ടു എരുമ ഉൾപ്പെടെയുള്ള മൃഗങ്ങളാണ് ചത്തതെന്നും 86ഓളം ഹോഗ് മാനുകളെ രക്ഷപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു. പ്രദേശത്തെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കടുവകൾ സമീപ ഗ്രാമങ്ങളിലേക്ക് കടന്നിട്ടുണ്ടെന്നും രണ്ട് കടുവകൾ തിരികെയെത്തിയെന്നും ഒന്നിനായുള്ള തിരച്ചിൽ തുടരുകയാണെന്നും ഡയറക്ടർ പി. ശിവകുമാർ പറഞ്ഞു. തുടർച്ചയായി എല്ലാ വർഷം ഉണ്ടാകുന്ന പ്രളയം ദേശീയോദ്യാനത്തെ കാര്യമായി ബാധിക്കാറുണ്ട്.