ന്യൂഡൽഹി: കഴിഞ്ഞ രണ്ട് മാസമായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. അസം സ്വദേശിയായ 17കാരിയെയാണ് ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (ഡിസിപിസിആർ) രക്ഷപ്പെടുത്തിയത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി 13 ആഴ്ച ഗർഭിണിയാണെന്നും എച്ച്ഐവി ബാധിതയാണെന്നും കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 60 വയസുള്ള അയൽവാസി തട്ടിക്കൊണ്ട് പോയി പഞ്ചാബിലെ ഒരാൾക്ക് വിൽക്കുകയായിരുന്നുവെന്ന് ഡിസിപിസിആർ അംഗം ജ്യോതി രതി പറഞ്ഞു. അവിടെ നിന്നും രക്ഷപ്പെട്ട് ഡൽഹിയിൽ എത്തിയ പെൺകുട്ടി രണ്ട് വർഷമായി വേശ്യാവൃത്തിയിൽ ഏർപ്പെടുകയായിരുന്നു. അസം പൊലീസുമായി ബന്ധപ്പെട്ടപ്പോൾ നാല് വർഷം മുമ്പ് കുട്ടിയുടെ പിതാവ് മകളെ കാണാനില്ലെന്ന പരാതി നൽകിയിട്ടുണ്ടെന്ന് വ്യക്തമായി. വൈദ്യ പരിശോധനക്ക് ശേഷം പെൺകുട്ടിയുടെ സമ്മതത്തോടെ ഗർഭം അലസിപ്പിച്ചതായി ജ്യോതി രതി അറിയിച്ചു. മെച്ചപ്പെട്ട പരിചരണത്തിനായി കുട്ടിയെ പ്രാദേശിക എൻജിഒയിലേക്ക് മാറ്റി. ലോക്ക് ഡൌണിന് ശേഷം കുട്ടിയെ മാതാപിതാക്കൾക്ക് വിട്ട് നൽകുമെന്ന് കമ്മീഷൻ ഇടിവി ഭാരതിനോട് പറഞ്ഞു.