ഗുവഹത്തി: അസമിൽ വെള്ളപ്പൊക്കം നേരിയതോതിൽ കുറഞ്ഞെങ്കിലും 22 ജില്ലകളിലെ 22.34 ലക്ഷം ആളുകളെ ബാധിച്ചു. ഗോലഘട്ട് ജില്ലയിലെ ബോകഖാട്ടിൽ ഒരാൾ മരിച്ചതോടെ ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 129 ആയി. വെള്ളപ്പൊക്കത്തിൽ 103 പേർ മരിച്ചപ്പോൾ മണ്ണിടിച്ചിലിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ഗോൾപാറ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. 4.62 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. ബാർപേട്ടയിൽ 3.81 ലക്ഷം ആളുകളെയും മോറിഗാവ് ജില്ലയിൽ മൂന്ന് ലക്ഷം ആളുകളെയും വെള്ളപ്പൊക്കം ബാധിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേന കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97 ആളുകളെ രക്ഷപ്പെടുത്തി.
നിലവിൽ 2,026 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിക്കുകയും 22.34 ലക്ഷം ഹെക്ടർ കൃഷി സ്ഥലം വെള്ളപ്പൊക്കത്തിൽ മുങ്ങിയതായും അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി വ്യക്തമാക്കി. 15 ജില്ലകളിലായി 432 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ദുബ്രി, ഗോൽപാറ, ജോർഹട്ട്, സോണിത്പൂർ ജില്ലകളിൽ ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകുകയാണ്. ധൻസിരി, ജിയ ഭരാലി, കോപിലി, ബെക്കി, കുഷിയാര എന്നിവയും വിവിധ സ്ഥലങ്ങളിൽ അപകടനിരപ്പിന് മുകളിലൂടെയാണ് ഒഴുകുന്നത്. ബാർപേട്ട, ബോംഗൈഗാവ്, മോറിഗാവ് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ റോഡുകൾ തകർന്നു.