ഗുവഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളപ്പൊക്കവും പ്രളയവും രൂക്ഷമാകുന്നു. രണ്ട് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായി റിപ്പോർട്ടുകൾ.
62400 പേരെയാണ് ചൊവ്വാഴ്ച വരെ പ്രളയം ബാധിച്ചിരുന്നത്. എട്ട് ജില്ലകളിലാണ് വെള്ളം കയറിയത്. എന്നാൽ ഇന്നിത് 11 ജില്ലകളിലേക്ക് വ്യാപിച്ചു. നിലവിലെ കണക്കുകൾ പ്രകാരം 2.07 ലക്ഷം പേരാണ് സംസ്ഥാനത്തെ പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നത്.
സംസ്ഥാനത്ത് 530 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സേനയുടെ റിപ്പോർട്ടുകൾ. 13,267 ഹെക്ടർ വിസ്തൃതിയിൽ കൃഷിയെയും പ്രളയം ബാധിച്ചു.നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഇതുവരെ മൂന്നുപേര്‍ മരിച്ചതായാണ് സ്ഥിരീകരണം.