ഗുവാഹത്തി: ആസമിൽ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലായി മൂന്ന് ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചു. ധേമാജി, ലഖിംപൂർ, നാഗോൺ, ഹോജായ്, ഡാരംഗ്, ബാർപേട്ട, നൽബാരി, ഗോൾപാറ, വെസ്റ്റ് കാർബി ആംഗ്ലോംഗ്, ദിബ്രുഗഡ്, ടിൻസുകിയ എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവും മോശമായ രീതിയിൽ ബാധിച്ചത്. നിലവിൽ 321 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 2,678 ഹെക്ടർ കൃഷിഭൂമി നശിച്ചതായി അധികൃതർ അറിയിച്ചു.
അഞ്ച് ജില്ലകളിലായി 57 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. 172.53 ക്വിന്‍റൽ അരി, പയർ, ഉപ്പ്, 804.42 ലിറ്റർ കടുക് എണ്ണ, ടാർപോളിന്‍ മറ്റ് അവശ്യവസ്തുക്കൾ എന്നിവ ദുരിതബാധിതർക്ക് വിതരണം ചെയ്തു.
ഗോലഘട്ട്, ബാർപേട്ട, നൽബാരി, ധേമാജി, മജൂലി, ഹോജായ്, സോണിത്പൂർ, ചിരംഗ്, കരിംഗഞ്ച്, നാഗോൺ, ബൊംഗൈഗാവ്, ദിമാ ഹസാവോ, ബക്സ, ലഖിംപൂർ എന്നിവിടങ്ങളിലെ റോഡുകൾ, പാലങ്ങൾ, കൽക്കെട്ടുകൾ എന്നിവ വെള്ളപ്പൊക്കത്തിൽ തകർന്നു. മജുലി, സോണിത്പൂർ, ടിൻസുകിയ, ചിരംഗ്, ബക്സ, ബിശ്വനാഥ്, സൗത്ത് സൽമാര ജില്ലകളിൽ വൻ മണ്ണൊലിപ്പ് ഉണ്ടായിട്ടുണ്ട്. സൗത്ത് സൽമാരയിലെ മന്ദർ ഗാവൺ എംഇ സ്കൂൾ മണ്ണൊലിപ്പിൽ ഒഴുകിപ്പോയി.
വെള്ളപ്പൊക്കത്തിൽ തകർന്ന 157 റോഡുകളുടെ പുനർനിർമാണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. മഴക്കാലത്ത് ബോട്ട് അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ജീവനക്കാരും ഫെറികളിലെയും ബോട്ടുകളിലെയും യാത്രക്കാരും മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ജലവകുപ്പിനോട് ആവശ്യപ്പെട്ടു.