ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി ഉയർന്നു. ബാർപേട്ട, ധേമാജി, ഉഡൽഗുരി, ഗോൾപാറ, ദിബ്രുഗഡ് ജില്ലകളിൽ നിന്നായി 26 പേർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ 28 ജില്ലകളിലായി 36 ലക്ഷം പേരെ പ്രളയം ബാധിച്ചു. ദുബ്രി, ഗോൾപാറ, ബാർപേട്ട, മോറിഗാവ് എന്നീ നാല് ജില്ലകളിലാണ് വെള്ളപ്പൊക്കം കൂടുതൽ ദുരിതം സൃഷ്ടിച്ചത്.
ധൻസിരി, ജിയ ഭരാലി, കോപിലി, ബെക്കി, ബരാക്, കുഷിയാര, ബ്രഹ്മപുത്ര എന്നീ നദികൾ 12 ലധികം ജില്ലകളിലെ പല സ്ഥലങ്ങളിലും അപകടകരമായ വിധത്തില്‍ ജലനിരപ്പ് ഉയര്‍ന്നാണ് ഒഴുകുന്നത്. 28 ജില്ലകളിലായി 3,014 ഗ്രാമങ്ങളും 1,27,955 ഹെക്ടർ കാര്‍ഷികപ്രദേശവും വെള്ളപ്പൊക്കത്തിൽ മുങ്ങി. നൂറുകണക്കിന് വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. കുറഞ്ഞത് നൂറോളം മൃഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാസിരംഗ ദേശീയോദ്യാനത്തിലെ 125 മൃഗങ്ങളെ രക്ഷപ്പെടുത്തി. ഇവിടെ 2,200ലധികം ഒറ്റക്കൊമ്പുള്ള ഇന്ത്യൻ കാണ്ടാമൃഗങ്ങളുണ്ട്. കിഴക്കൻ ഹിമാലയൻ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളുടെ അരികിൽ സ്ഥിതി ചെയ്യുന്ന കാസിരംഗ ദേശീയോദ്യാനത്തിനുപുറമെ, ഗോലഘട്ട്, നാഗോൺ ജില്ലകളിലെ മനസ്, ആർ.ജി. ഒറങ്ങ് ദേശീയ ഉദ്യാനങ്ങൾ, പബിറ്റോറ വന്യജീവി, ടിൻസുകിയ വന്യജീവി സങ്കേതങ്ങൾ എന്നിവയേയും വെള്ളപ്പൊക്കം ബാധിച്ചു.