ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങൾക്കെതിരെ ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ച് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ. ലോ കമ്മീഷന്‍റെ 267ാം റിപ്പോര്‍ട്ട് പ്രകാരം വിദ്വേഷ പ്രസംഗങ്ങൾ തടയാന്‍ ഇന്ത്യന്‍ പീനല്‍ കോഡ് ഭേദഗതി ചെയ്യണമെന്ന ശുപാര്‍ശ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
മതം, വംശം, ജാതി, സമൂഹം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതും ശത്രുത പ്രോത്സാഹിപ്പിക്കുന്നതും തെറ്റായ നടപടിയാണ്. 1990 മുതല്‍ തന്നെ വിദ്വേഷപ്രസംഗങ്ങൾ പ്രത്യേക പാര്‍ട്ടിയെയോ സ്ഥാനാര്‍ഥിയെയോ പിന്തുണക്കാനുള്ളതാണെന്ന് വിലയിരുത്തിയിട്ടുണ്ടെന്നും ഇത് പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങൾക്കെതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഒപ്പം ഇത്തരം പ്രസംഗങ്ങൾ ഭീകരവാദം, വംശഹത്യ, വംശീയ ഉന്മൂലനം തുടങ്ങിയവയിലേക്ക് ജനങ്ങളെ നയിക്കുമെന്നും ഹര്‍ജി വ്യക്തമാക്കുന്നു. ഇത് ഭരണഘടന പ്രകാരം ഉറപ്പുനൽകുന്ന ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.