ഇറ്റാനഗർ: അപ്പർ സുബാൻസിരി ജില്ലയിലെ അസപില സെക്ടറിൽ നിന്ന് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി യുവാവിനെ തട്ടിക്കൊണ്ടുപോയി. 21 വയസുകാരനായ ടോഗ്‌ളി സിന്‍കം എന്ന യുവാവിനെയാണ് തട്ടികൊണ്ടു പോയത്. ഇയാള്‍ എവിടെയാണെന്നതിന് സുചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അരുണാചല്‍ പ്രദേശ് പൊലീസ് അറിയിച്ചു.
നാച്ചോ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ജില്ലാ പൊലീസ് സൂപ്രണ്ട് തരു ഗുസാർ നടത്തിയ അന്വേഷണത്തിൽ യുവാവിനെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് തട്ടികൊണ്ട് പോയതെന്ന് സ്ഥിരീകരിച്ചതായി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് ചുഖു അപ്പ പറഞ്ഞു. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിന്‍റെ പരിധിയിൽ വരുന്നതാണെന്നും സംസ്ഥാന സര്‍ക്കാരിനെ വിവരം അറിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് ആസ്ഥാനം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 19 നാണ് യുവാവിനെ കാണാതാകുന്നത്.
ടോഗ്‌ളിയും മറ്റ് രണ്ട് സുഹൃത്തുക്കളും മീന്‍ പിടിക്കുന്നതിനിടെയാണ് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ടോഗ്‌ളിയുടെ കൂടെയുണ്ടായിരുന്ന രണ്ട് പേരും ഓടി രക്ഷപെട്ടു. എന്നാല്‍ ടോഗ്‌ളിയെ തോക്ക് കാണിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് നിന്നാണ് ടോഗ്‌ളിയെ പിടികൂടിയതെന്നും മാര്‍ച്ച് 27ന് ഗവര്‍ണര്‍ ബി.ഡി. മിശ്രക്ക് നല്‍കിയ മെമ്മൊറാണ്ടത്തില്‍ പറയുന്നു.