അഹമ്മദാബാദ്: ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ദാക്കിയത് അതിർത്തിയിൽ രക്തസാക്ഷിത്വം വരിച്ച എല്ലാ സൈനികർക്കുമുള്ള ആദരാഞ്ജലിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഹമ്മദാബാദിൽ നടന്ന റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്‍റെ (ആർഎഫ്) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യലബ്ധിക്കുശേഷം 70 വർഷത്തിനിടയിൽ ആരും സുരക്ഷാ സേനയ്ക്ക് ഇത്തരത്തിലൊരു ആദരാഞ്ജലി അര്‍പ്പിച്ചിട്ടില്ല. ഏറെ പ്രശ്നങ്ങള്‍ക്ക് ശേഷം രണ്ടാം തവണയും ഉത്തരവ് പ്രാബല്യത്തില്‍ വന്നപ്പോള്‍ രാജ്യത്തിന് വേണ്ടി ഞങ്ങള്‍ ചെയ്യുന്ന ആദ്യത്തെ ജോലിയാണെന്ന് ഉറപ്പാക്കുകയായിരുന്നു. ഇതോടെ കശ്മീർ ഇപ്പോൾ വികസന പാതയിലേക്ക് നീങ്ങും. ആരെങ്കിലും കശ്മീരിൽ എന്തെങ്കിലും അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിച്ചാൽ നമ്മുടെ സൈനികർ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച 20 ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രി മെഡലുകള്‍ സമ്മാനിച്ചു.
നിലവിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്രമസമാധാന പാലനങ്ങൾ നടത്തുന്നതിനുമായി 1.5 ലക്ഷത്തോളം സൈനികരുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളിൽ 15 ബറ്റാലിയനുകളാണുള്ളത്. ഓരോ യൂണിറ്റിനും ആയിരത്തിലധികം ഉദ്യോഗസ്ഥരുണ്ട്. 3.25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുള്ള രാജ്യത്തെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) ഭാഗമാണ് ആർഎഎഫ്.