അഹമ്മദാബാദ്: പ്രയപൂർത്തിയാകാത്ത മകനും സുഹൃത്തും ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് 30കാരിയെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് ആനന്ദ് ജില്ലയിലെ ഉമ്റാത്ത് നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 10നും 14നും ഇടക്ക് പ്രായം വരുന്ന കുട്ടികൾക്കെതിരെയും സ്ത്രീക്കെതിരെയും നാഷണൽ ഹോണർ ആക്റ്റ്, 1971 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ബി ഡി ജഡേജ പറഞ്ഞു.
ഈദ് ആഘോഷത്തിന്‍റെ ഭാഗമായി ഇസ്ലാമിക ചിഹ്നങ്ങളുള്ള പതാക ഉയർത്താൻ കുട്ടികൾ തീരുമാനിച്ചിരുന്നു. എന്നാൽ സാധാരണ ഉപയോഗിക്കുന്ന പച്ച നിറത്തിലുള്ള കൊടി അല്ലാതെ ഇവർ ത്രിവർണ നിറമുള്ള പതാക വാങ്ങി അതിൽ ഇസ്ലാമിക ചിഹ്നങ്ങൾ പതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ലോക്കൽ പൊലീസിന് ലഭിച്ച വിവരമനുസരിച്ചാണ് സ്വന്തം വീട്ടിന്‍റെ ടെറസിൽ ഇത്തരത്തിലുള്ള പതാക ഉയർത്തിയ കുട്ടികൾക്കെതിരെയും അത് തടയാതിരുന്ന വീട്ടുടമസ്ഥക്കെതിരെയും കേസെടുത്തത്.
ചൊവ്വാഴ്ച ആനന്ദ് ആസ്ഥാനമായുള്ള ജിഗ്നേഷ് പ്രജാപതി എന്ന ആക്ടിവിസ്റ്റ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിൽ കുട്ടികൾ വീടിന്‍റെ ടെറസിന് മുകളിൽ ഉയർത്തുന്ന ചിത്രത്തിൽ അശോക ചക്രത്തിന് പകരം ചന്ദ്രക്കലയുടെയും നക്ഷത്രത്തിന്‍റെയും പ്രതീകങ്ങളായിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.