ജമ്മു കശ്മീരിലെ പുൽവാമയിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ നടത്തിയ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനടക്കുമുളള രണ്ട് ഭീകരരെയാണ് വധിച്ചത്. പുല്‍വാമയിലെ പിങ്ഗ്ലന മേഖലയിൽ ഇന്നലെ രാത്രിമുതൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടിരുന്നു.
പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരനായ കംമ്രാനാണെന്ന് കണ്ടെത്തിയിരുന്നു. കംമ്രാനൊപ്പം പ്രാദേശിക ഭീകരൻ ഹിലാലും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരെ തന്നെയാണ് വധിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല . മേജര്‍ വി.എസ്. ധൗന്‍ദിയാല്‍ (ഡെറാഡൂണ്‍), ഹവില്‍ദാര്‍ ഷിയോ റാം (രാജസ്ഥാന്‍), അജയ് കുമാര്‍ (മീററ്റ്), ഹരി സിങ് (ഹരിയാന) എന്നിവരാണ് ഇന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 55 രാഷ്ട്രീയ റൈഫിൾസ് വിഭാഗത്തിൽപ്പെട്ട സൈനികരാണിവർ.
പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സേന സുരക്ഷ ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.