ന്യൂഡൽഹി: ഗൽവാൻ താഴ്വരയിലെ സൈനികരെ ചികിത്സിക്കുന്ന ലേയിലെ സൈനിക ആശുപത്രിയ്ക്കെതിരെ ഉയർന്ന വിമർശനം അടിസ്ഥാന രഹിതമെന്ന് സൈന്യം. ജവാന്മാര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അതിനായി സജ്ജമാക്കിയ ആശുപത്രിയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചതെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനത്തെ കുറിച്ച് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദർശനത്തിനിടയിൽ ഗൽവാൻ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങളടക്കം പുറത്തുവരികയും ചെയ്തിരുന്നു. പ്രധാനമന്ത്രിക്കു സന്ദര്‍ശിക്കായി മികച്ച സൗകര്യങ്ങളുള്ള ആശുപത്രി സംവിധാനം ഒരുക്കിയെന്നായിരുന്നു ആരോപണം.
ലേയിലെ ജനറല്‍ ആശുപത്രിയുടെ ഭാഗമാണ് സൈനികരെ ചികിത്സിക്കുന്ന സംവിധാനമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. കോവിഡ് പ്രോട്ടോക്കോളിനെത്തുടര്‍ന്ന് ചില വാര്‍ഡുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളായി മാറ്റേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ നേരത്തെ ട്രെയിനിങ് ഓഡിയോ വിഡിയോ ഹാള്‍ ആയി ഉപയോഗിച്ചിരുന്ന സ്ഥലം വാര്‍ഡ് ആക്കി മാറ്റുകയായിരുന്നു. ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായതു മുതല്‍ ഈ സജ്ജീകരണം വരുത്തിയിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി.